തിരുവനന്തപുരം : കോടികളുടെ നിക്ഷേപത്തട്ടിപ്പിനു പിടിയിലായവരുടെ സ്വത്തുക്കൾ പിടിച്ചെടുത്ത് നിക്ഷേപകർക്ക് പണം തിരിച്ചുകൊടുക്കുക എന്നത് നിയമപരമായ നീതിയാണ്. പല ജീവിതങ്ങൾ തകർക്കുകയും കുടുംബങ്ങളെ വഴിയാധാരമാക്കുകയും ചെയ്തവരുടെ ഒപ്പമല്ല സംസ്ഥാന സർക്കാർ എന്ന് വ്യക്തമാക്കി കഴിഞ്ഞതുമാണ്. എന്നിട്ടും പി.എ.സി.എൽ നിക്ഷേപത്തട്ടിപ്പിൽ സുപ്രീംകോടതിയിൽ നടക്കുന്ന കേസിൽ ഇരകൾക്കുവേണ്ടി കക്ഷി ചേരണമെന്ന നിയമോപദേശത്തിലും നയപരമായ തീരുമാനമെടുത്ത് അവർക്കൊപ്പം നിൽക്കണമെന്ന പോലീസിന്റെ ശുപാർശയിലും അനുകൂല തീരുമാനമെടുക്കുന്നില്ല. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലം മുതൽ നീതി തേടി അലയുന്നവർക്കു നേരെയാണ് പത്താം വർഷത്തിലേക്കു കടക്കുന്ന ഇടതുമുന്നണി സർക്കാരും മുഖം തിരിക്കുന്നത്.
രാജ്യവ്യാപകമായും വിദേശത്തും വേരുകളുള്ള സാമ്പത്തികത്തട്ടിപ്പു സ്ഥാപനമാണ് പഞ്ചാബ് ആസ്ഥാനമായി പ്രവർത്തിച്ച പേൾസ് അഗ്രോടെക് കോർപ്പറേഷൻ ലിമിറ്റഡ് (പി.എ.സി.എൽ). കേരളത്തിൽ മാത്രം 18 ലക്ഷം പേരാണ് ഇവരുടെ തട്ടിപ്പിൽപ്പെട്ടത്. 2023 ഫെബ്രുവരിയിൽ ഞങ്ങൾ ഇതിനെക്കുറിച്ച് വിശദമായി എഴുതിയിരുന്നു. അന്നത്തേതിൽനിന്നും വ്യവഹാര നടപടികൾ ഏറെ മുന്നോട്ടു പോയി. പക്ഷേ, നീതിമാത്രം നടപ്പായില്ല. അതുകൊണ്ടാണ് കൂടുതൽ വിവരങ്ങളോടെ വീണ്ടും എഴുതുന്നത്. ആ റിപ്പോർട്ട് പ്രസിദ്ധീകരിച്ച ശേഷം പി.എ.സി.എൽ തട്ടിപ്പിന്റെ നിരവധി ഇരകൾ പലവിധത്തിൽ ബന്ധപ്പെടുകയും വിവരങ്ങൾ തരികയും ചെയ്തു. ഒടുവിൽ, മെയ് ഒൻപതിന് തിരുവനന്തപുരത്ത് നടന്ന നിക്ഷേപകരുടെ പ്രതിഷേധറാലിയിൽ മൂവായിരത്തിലധികം പേർ പങ്കെടുത്തു എന്നാണ് പൊലീസിന്റെ തന്നെ കണക്ക്.
തട്ടിപ്പുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നടക്കുന്ന കേസിൽ കേരളത്തിലെ നിക്ഷേപകരുടേയും ഏജന്റുമാരുടേയും താല്പര്യം സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ കക്ഷിചേരണമെന്ന ആവശ്യമാണ് മാർച്ചിൽ പ്രധാനമായും ഉന്നയിച്ചത്. കേരളത്തിനു പുറമേ തമിഴ്നാട്ടിലെ കന്യാകുമാരി, മധുരൈ ജില്ലകളിൽനിന്നും ആളുകൾ പങ്കെടുത്തു. പി.എ.സി.എല്ലിൽ പണം നിക്ഷേപിച്ചവരും നിക്ഷേപസമാഹരണത്തിന് കമ്പനിക്കുവേണ്ടി ഏജന്റുമാരായി പ്രവർത്തിച്ചവരുമടക്കം 40 പേരാണ് കേരളത്തിൽ ഇതുവരെ ആത്മഹത്യ ചെയ്തത്. ആത്മഹത്യയുടേയും മനോവിഭ്രാന്തിയുടെയും വക്കിൽ പലരും നീറിനീറി ജിവിക്കുന്നു.