തൃശൂര്‍ : കേരളത്തില്‍ ക്രിസ്ത്യന്‍ വിഭാഗത്തിന്റെ സംരക്ഷകരായി അഭിനയിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ബിജെപി ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍.“ആട്ടിന്‍ തോലിട്ട ചെന്നായയുടെ” രൂപത്തില്‍ സ്നേഹം നടിച്ചുള്ള വക്രബുദ്ധിയാണ് ബിജെപി ഇപ്പോള്‍ കേരളത്തില്‍ നടപ്പാക്കുന്നത്.
മുസ്ലിം, ക്രിസ്ത്യന്‍ ഭിന്നിപ്പുണ്ടാക്കി അതിനിടയ്ക്ക് ക്രിസ്ത്യന്‍ സംരക്ഷകര്‍ ആയി ചമയുക ആണ് ബിജെപി. 2025ല്‍ ആര്‍എസ്‌എസ് സ്ഥാപിച്ചതിന്റെ 100 വര്‍ഷം തികയുകയാണ്. 2025ല്‍ മതേതര രാജ്യമായ ഭാരതത്തെ ഹിന്ദുരാഷ്ട്രം ആക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും പത്മജ ആരോപിച്ചു.
കേരളത്തിലും തമിഴ്നാട്ടിലും ഒന്നും വര്‍ഗീയത കൊണ്ട് അധികാരത്തില്‍ വരാന്‍ ബിജെപിക്ക് കഴിയില്ല. 88 ശതമാനം ഹിന്ദുക്കളുള്ള തമിഴ്നാട്ടില്‍ പോലും ബിജെപി വട്ടപൂജ്യമാണ്. 90 ശതമാനം ഹിന്ദുക്കളുള്ള രാജസ്ഥാനിലും ഛത്തീസ്ഗഡിലും മധ്യപ്രദേശിലും ഒക്കെ ബിജെപിയെ തോല്‍പ്പിച്ച് കോണ്‍ഗ്രസ് സംസ്ഥാന ഭരണം പിടിച്ചത് നാം കണ്ടതാണ്.
അതുകൊണ്ട് ഹിന്ദുക്കള്‍ എല്ലാം ബിജെപിക്കാര്‍ അല്ല എന്ന് നമുക്ക് ഇതില്‍നിന്ന് മനസ്സിലാക്കാം. അപ്പോള്‍ 55 ശതമാനം ഹിന്ദുക്കള്‍ മാത്രം ഉള്ള കേരളത്തില്‍ ബിജെപിക്ക് വര്‍ഗീയത കൊണ്ട് മാത്രം ജയിക്കാന്‍ കഴിയില്ല. തന്മൂലം അധികാരത്തില്‍ വരാനായി ക്രിസ്ത്യാനികളെ കെണിയില്‍ പെടുത്തി പാര്‍ട്ടി വളര്‍ത്താനും ഭരണം പിടിക്കാനും പുതിയ തന്ത്രങ്ങളുമായി ബിജെപി രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്.
ഈ രാജ്യത്ത് ക്രിസ്ത്യാനികളെ ഏറ്റവും കൂടുതല്‍ വേട്ടയാടുന്നത് സംഘപരിവാര്‍ ശക്തികള്‍ ആണ്. അതിനെതിരെ രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ യാതൊരു നടപടികളും സ്വീകരിക്കുന്നില്ല, മറിച്ച് മൗനാനുവാദം നല്‍കുകയാണ്. സ്റ്റാന്‍ സ്വാമി എന്ന ക്രിസ്ത്യന്‍ പുരോഹിതന്‍ ബിജെപി ഭരണകൂടത്തിന്റെ ക്രൂരമായ പീഡനം കൊണ്ടാണ് മരിച്ചത്.
കര്‍ണാടകയിലെ ബിജെപി ഭരണത്തില്‍ അടുത്ത സമയത്ത് ക്രിസ്ത്യാനികള്‍ക്ക് നേരെ നടന്ന അക്രമങ്ങള്‍ നാം കണ്ടു. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രിസ്ത്യന്‍ വിഭാഗത്തിന് നേരെയുള്ള സംഘപരിവാര്‍ ആക്രമണങ്ങള്‍ നിത്യ സംഭവങ്ങളാണ്. കേരളത്തില്‍ ക്രിസ്ത്യന്‍ സംരക്ഷകരായി ബിജെപി രംഗത്തു വരുന്നത് ഗൂഢലക്ഷ്യത്തോടെ കൂടിയാണ്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എല്ലാം ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങള്‍ക്ക് നേരെ ക്രൂരമായ പീഡനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ക്രിസ്ത്യന്‍ സ്നേഹം അഭിനയിച്ച് ബിജെപി ഇപ്പോള്‍ കേരളത്തില്‍ കപട നാടകം കളിക്കുകയാണ്. കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹത്തെ ബിജെപിയുടെ കെണിയില്‍ വീഴാന്‍ കിട്ടില്ല എന്ന് ഉറപ്പാണ്. ആ വെള്ളം ബിജെപിക്കാര്‍ അങ്ങ് വാങ്ങി വെച്ചേക്കെന്നും പത്മജ വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.