ന്യൂയോർക്ക്: കശ്മീരിലെ വിനോദസഞ്ചാരം നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തികയുദ്ധമായിരുന്നു പഹൽഗാം ഭീകരാക്രമണമെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ പറഞ്ഞു. പാകിസ്താനിൽനിന്നുള്ള ഭീകരതയെ നേരിടാൻ ആണവായുധത്തിന്റെ പേരുപറഞ്ഞ് ‘ബ്ലാക്ക്മെയി’ൽ നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോർക്കിൽ ന്യൂസ്‌വീക്ക് സിഇഒ ഡേവ് പ്രഗതുമായുള്ള സംഭാഷണത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ‘ഓപ്പറേഷൻ സിന്ദൂറി’ലൂടെ ഭീകരസംഘടനകളുടെ പാകിസ്താനിലെ ആസ്ഥാനങ്ങൾ ഇന്ത്യ തകർത്തെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരക്കരാറിന്റെ പേരുപറഞ്ഞ് താനാണ് ഇന്ത്യ-പാകിസ്താൻ സായുധസംഘർഷം അവസാനിപ്പിച്ചത് എന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം അദ്ദേഹം തള്ളിക്കളഞ്ഞു.
പാകിസ്താനുമായുള്ള ഇടപാടുകളിൽ മൂന്നാംകക്ഷിയെ അനുവദിക്കില്ലെന്നത് ഇന്ത്യയുടെ ദേശീയനയമാണ്. മേയ് ഒമ്പതിനു രാത്രി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിക്കുമ്പോൾ താനും മുറിയിലുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ചിലകാര്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പാകിസ്താൻ വലിയ ആക്രമണം നടത്തുമെന്ന് വാൻസ് പറഞ്ഞു. ഭീഷണിക്ക് വഴങ്ങില്ലെന്നും തിരിച്ചടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ അങ്ങനെചെയ്തു. പിറ്റേന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വിളിച്ച് പാകിസ്താൻ ചർച്ചയ്ക്കുതയ്യാറാണെന്നറിയിച്ചു. ഇതാണ് സംഭവിച്ചതെന്ന് ജയ്ശങ്കർ പറഞ്ഞു.