ശ്രീനഗര്‍ : പാകിസ്താനി കൊടും ഭീകരന്‍ അബു സറാറിനെ കശ്മീരില്‍ ഇന്ത്യന്‍ സൈന്യം വെടിവെച്ച് കൊന്നു. കശ്മീരിലെ പൂഞ്ചില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ഇയാളുടെ നേതൃത്വത്തില്‍ ജമ്മുകശ്മീര്‍ പോലീസ് വാഹനത്തിനെതിരെ നടത്തിയ ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു.
ജമ്മു പോലീസും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാള്‍ക്കു നേരെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. ഇയാളില്‍ നിന്ന് എ.കെ 47 തോക്കുകളും തിരകളും ഗ്രനേഡുകളും പാക്കിസ്ഥാന്‍ കറന്‍സികളും പിടിച്ചെടുത്തു. ഇയാളുടെ പാകിസ്താന്‍ ബന്ധം തെളിയിക്കുന്നവയാണ് ഇവയെന്ന് സൈനിക വക്താവ് വ്യക്തമാക്കി. കശ്മീരില്‍ ഈ വര്‍ഷം കൊല്ലപ്പെടുന്ന എട്ടാമത്തെ ഭീകരവാദിയാണ് ഇയാള്‍.