ഇസ്‍ലാമബാദ് : സൗദി അറേബ്യയ്ക്കു നേരെയുണ്ടാകുന്ന ഹൂതി ആക്രമണം ‘മക്ക സംയുക്ത പ്രതിരോധ കരാർ’ പെട്ടെന്നു തന്നെ യാഥാർഥ്യമാക്കിയേക്കും എന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ മുന്നറിയിപ്പ്. സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി എന്നിവർ ചേർന്ന് പുതുതായി രൂപീകരിച്ച മക്ക പ്രതിരോധ സഖ്യത്തിലെ ഏതെങ്കിലും ഒരു അംഗരാജ്യത്തിനു നേരെ ആക്രമണം ഉണ്ടായാൽ അത് എല്ലാവർക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നും അതിൽ യാതൊരു അവ്യക്തതയുടെയും ആവശ്യമില്ലെന്നും പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് വ്യക്തമാക്കി. ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതികൾ സൗദി അറേബ്യയിലെ തെക്കു പടിഞ്ഞാറൻ മേഖലയിലെ നാലു നഗരങ്ങളിൽ ചൊവ്വാഴ്ച നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്കു പിന്നാലെയാണ് പാക് പ്രതിരോധ മന്ത്രിയുടെ പ്രതികരണം. സൗദി അറേബ്യയിലെ നഗരങ്ങളെയും സാമ്പത്തിക, ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ഏതാണ്ട് എഴുപതിലേറെ പേർക്ക് പരുക്കേറ്റിരുന്നു.
‘‘സൗദി അറേബ്യയിൽ ഹൂതികളുടെ ആക്രമണം തുടർന്നാൽ, പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവർ കഴിഞ്ഞ മാസം മക്കയിൽ വച്ച് ഒപ്പുവച്ച കരാറിലെ കൂട്ടായ പ്രതിരോധ വ്യവസ്ഥകളെ സജീവമാക്കും. ഇതിൽ യാതൊരു അവ്യക്തതയും വേണ്ട. ഇതൊരു സംയുക്ത പ്രതിരോധ കരാറാണെന്നതിൽ മറ്റ് വിശദീകരണങ്ങളുടെ ആവശ്യമില്ല,’’ ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആസിഫ് പറഞ്ഞു. കരാർ പ്രകാരം സൗദി അറേബ്യയോടുള്ള ബാധ്യതകൾ പാകിസ്ഥാൻ നിറവേറ്റുമെന്നും അതിൽ യാതൊരു സംശയവും ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.































