ന്യൂഡൽഹി : സുരക്ഷാ ആശങ്കകളുയർത്തി കാബൂളിലെ ഒരു സ്വകാര്യ ട്രാവൽ ഏജൻസിയിൽ നിന്ന് ഇന്ത്യൻ വിസയുള്ള നിരവധി അഫ്ഗാൻ പാസ്പോർട്ടുകൾ കവർച്ച ചെയ്യപ്പെട്ടു. താലിബാൻ കാബൂൾ നഗരം പിടിച്ചെടുത്തതിന് തൊട്ടുപിന്നാലെയാണ് ഉറുദു സംസാരിക്കുന്ന ഒരു സംഘം ആയുധധാരികൾ ട്രാവൽ ഏജൻസിയിൽ റെയ്ഡ് നടത്തിയത്. പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയുള്ള ഭീകരസംഘടനയാണ് ഇതിന് പിന്നിലെന്നാണ് വിവരം.
അഫ്ഗാൻ പൗരൻമാർക്ക് വിസാനടപടികൾ സുഗമമാക്കി നൽകുന്നതിന് കാബൂളിലെ ഇന്ത്യൻ എംബസിയുമായി ചേർന്ന് പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസിയാണിത്. എത്ര പാസ്പോർട്ടുകൾ മോഷ്ടിക്കപ്പെട്ടുവെന്ന് തങ്ങൾ ഇപ്പോഴും പരിശോധിച്ചുവരികയാണ്. വിദേശകാര്യ മന്ത്രാലയവും സുരക്ഷാ ഏജൻസികളും ഇത് പരിശോധിക്കുന്നുണ്ട്. നഷ്ടപ്പെട്ട എല്ലാ അഫ്ഗാൻ പാസ്പോർട്ടുകളിലും ഇന്ത്യൻ വിസകളുണ്ടായിരുന്നു. അവ തീവ്രവാദ ഗ്രൂപ്പുകൾ ദുരുപയോഗം ചെയ്തേക്കാം.
താലിബാൻ അഫ്ഗാനിസ്താൻ പിടിച്ചടക്കിയതിന് പിന്നാലെ ഇന്ത്യ അഫ്ഗാനിൽ നിന്ന് ഒഴിപ്പിക്കൽ ദൗത്യം നടത്തിവരുന്നതിനിടെയാണ് പാസ്പോർട്ടുകൾ നഷ്ടമായ വിവരം പുറത്തുവരുന്നത്. ഇന്ത്യൻ വിസയുള്ള അഫ്ഗാൻ പാസ്പോർട്ടുകൾ മോഷണം പോയതിന് പിന്നാലെ അടിയന്തര നടപടി സ്വീകരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യയിലേക്ക് വരുന്ന അഫ്ഗാൻ പൗരന്മാർക്ക് ഇ-വിസ നിർബന്ധമാക്കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നേരത്തേ അനുവദിച്ച വിസ ഉപയോഗിച്ച് രാജ്യത്ത് പ്രവേശനം അനുവദിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു. ഇപ്പോൾ ഇന്ത്യയിലില്ലാത്ത നേരത്തേ വിസ അനുവദിച്ച എല്ലാ അഫ്ഗാൻ പൗരന്മാർക്കും ഇ-വിസ നിർബന്ധമാക്കിയതായി ആഭ്യന്തരമന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. ഇതിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.