തിരുവനന്തപുരം : നർക്കോട്ടിക് ജിഹാദ് പരാമർശം ഉന്നയിച്ച പാലാ ബിഷപ്പ് അത് തിരുത്തുകയാണ് വേണ്ടതെന്ന് സിപിഐ. പ്രസ്താവന ശരിയായോ എന്ന് അദ്ദേഹം ആത്മ പരിശോധന നടത്തണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ പാലാ ബിഷപ്പ് മാതൃകയാക്കേണ്ടത് മാർപ്പാപ്പയെയാണ്. മനുഷ്യനെ വിഭജിക്കാനുള്ള നടപടികൾ പാടില്ലെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അത് പാലാ ബിഷപ്പും മാതൃകയാക്കിയാൽ മതിയെന്നും കാനം പറഞ്ഞു.
ഒരു വ്യക്തി പറഞ്ഞ വിഷയത്തിന്മേൽ സർവ്വകക്ഷിയോഗം വിളിക്കേണ്ടതില്ലെന്ന് ആവർത്തിച്ച കാനം രാജേന്ദ്രൻ, അത് തിരുത്തേണ്ടത് ആ വ്യക്തി തന്നെയാണെന്നും ആവർത്തിച്ചു. കേരളത്തെ ഭ്രാന്താലയമാക്കരുത്. ഈ വിഷയത്തിൽ സർവകക്ഷി യോഗം വിളിക്കേണ്ട ആവശ്യമില്ല. സർക്കാറിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ല. എല്ലാവരും ചേർന്ന് മത സ്പർദ്ധ വളർത്താതിരിക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.