കൊച്ചി : നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പേ പാർട്ടിയിൽ പിളർപ്പ് ഉണ്ടാകുമെന്ന കണക്കുകൂട്ടലിൽ എൻ.സി.പി.യിൽ ഇരുവിഭാഗവും ശക്തികൂട്ടുന്നു. മാണി സി. കാപ്പൻ എം.എൽ.എ.യായ പാലാ സീറ്റ് വീണ്ടും എൻ.സി.പി.ക്ക് കിട്ടാനുള്ള സാധ്യത കുറവാണെന്ന് നേതാക്കൾക്ക് ഉറപ്പാണ്. പാലാ കിട്ടിയില്ലെങ്കിൽ എടുക്കേണ്ട നിലപാടിലാണ് ഇരുവിഭാഗവും തമ്മിലുള്ള ഭിന്നത. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ വരവ് തദ്ദേശ തെരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ നേട്ടമുണ്ടാക്കിയെന്നാണ് സി.പി.എം. വിലയിരുത്തൽ. ജോസിന്റെ തട്ടകമായ പാലാ അവർക്ക് വിട്ടുകൊടുക്കാനാണ് എൽ.ഡി.എഫിൽ സാധ്യത. എൻ.സി.പി.ക്ക് പകരം സീറ്റ് നൽകുകയോ മറ്റ് ഓഫറുകൾ നൽകുകയോ ചെയ്യും. എൻ.സി.പി.യിലെ ഭൂരിപക്ഷം മന്ത്രി എ.കെ. ശശീന്ദ്രന്റെ കൂടെ ഇടതുമുന്നണിയിൽ നിൽക്കുമെന്നാണ് സി.പി.എം. കണക്കുകൂട്ടുന്നത്.
മാണി സി. കാപ്പന്റെ നേതൃത്വത്തിൽ ഒരുവിഭാഗം യു.ഡി.എഫിലേക്ക് പോയാൽ എൻ.സി.പി. കേന്ദ്രനേതൃത്വം അതിനെ പിന്തുണച്ചേക്കും. ദേശീയ അധ്യക്ഷൻ ശരദ് പവാർ ഈ നീക്കത്തെ അനുകൂലിക്കും. എന്നും ദേശീയ നേതൃത്വത്തിന് ഒപ്പം നിൽക്കുന്ന സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ മാസ്റ്റർക്കും അനുകൂലിക്കേണ്ടതായി വരും. പാലായ്ക്കായി പാർട്ടിയെ ബലികൊടുക്കേണ്ടതുണ്ടോ എന്നാണ് ശശീന്ദ്രൻ വിഭാഗം നേതാക്കൾ ചോദിക്കുന്നത്. യു.ഡി.എഫിലേക്ക് പോയാൽ ജയസാധ്യതയുള്ള ഒരു സീറ്റ് പോലും കിട്ടില്ല. കൈവശമുള്ള സീറ്റുകൾ കിട്ടിയാൽ തന്നെ യു.ഡി.എഫിലാണെങ്കിൽ പരാജയപ്പെടും.
ഇടതുമുന്നണിക്ക് തുടർഭരണസാധ്യത നിലനിൽക്കുമ്പോൾ മുന്നണിവിടുന്നത് പാർട്ടിയെയും പ്രവർത്തകരെയും തുലയ്ക്കുന്ന നടപടിയാവുമെന്നാണ് ശശീന്ദ്രൻ വിഭാഗം പ്രവർത്തകരോട് വിശദീകരിക്കുന്നത്. അതേസമയം സി.പി.എം. കാലുവാരിയെന്നാണ് കാപ്പനെ അനുകൂലിക്കുന്നവർ പ്രചരിപ്പിക്കുന്നത്. പ്രവർത്തകർക്കിടയിൽ അങ്ങനെയൊരു വികാരം നിലനിർത്തി പാലാ സീറ്റിന്റെ പേരിൽ മുന്നണിമാറ്റം നടത്താനുള്ള കരുനീക്കങ്ങളാണ് നടക്കുന്നത്. തന്നെയുമല്ല എല്‍.ഡി.എഫിന് തുടര്‍ഭരണം ലഭിക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ കൂടെനിന്ന് കുഴിയില്‍ ചാടേണ്ടെന്ന ചിന്തയും കാപ്പന്‍ പക്ഷത്തിനുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയിലേക്കാണ് എല്‍.ഡി.എഫ് നീങ്ങുന്നതെന്നാണ് വിലയിരുത്തല്‍. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിജയം നേട്ടമായി കാണാന്‍ കഴിയില്ല. യു.ഡി.എഫിലെ പടല പിണക്കങ്ങളും വിമത ശല്യവും എല്‍.ഡി.എഫിന് ഗുണകരമായി ഭവിച്ചു എന്നുമാത്രം. ഇതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടുകൊണ്ട് യു.ഡി.എഫ് വര്‍ധിച്ച കരുത്തോടെ തിരിച്ചുവരുമെന്നും കാപ്പന്‍ പക്ഷം വിലയിരുത്തുന്നു.