കൊച്ചി : എൽ.ഡി.എഫിൽ പാലാ സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതിനെത്തുടർന്ന് എൻ.സി.പി.യിൽ രണ്ട് വിഭാഗങ്ങളും ശക്തിസമാഹരിക്കാൻ തുടങ്ങി. മാണി സി. കാപ്പൻ എം.എൽ.എ.യെ പിന്തുണച്ച് ഔദ്യോഗിക വിഭാഗംതന്നെ യു.ഡി.എഫിലേക്ക് പോയേക്കുമെന്ന ആശങ്ക പാർട്ടിക്കുള്ളിൽ വളരുകയാണ്. ഇരുവിഭാഗങ്ങളും ആളുകളെ തങ്ങളുടെകൂടെ നിർത്താനുള്ള നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. ജില്ലാ പ്രസിഡന്റുമാരെയും ഭാരവാഹികളെയും ഒപ്പം ചേർക്കാനാണ് ശ്രമം.
താഴെ തട്ടിലെ പ്രവർത്തകരെയാണ് പാർട്ടിയിലെ പ്രശ്നങ്ങൾ വെട്ടിലാക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പേ മുന്നണി മാറ്റം ഉണ്ടാവില്ല. ഇടതുമുന്നണിയിൽ നിന്ന് പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച ശേഷം, പാർട്ടി മുന്നണി മാറ്റിചവിട്ടിയാൽ ജനപ്രതിനിധികൾ കൂറുമാറ്റ പരിധിയിൽ വരും. മന്ത്രി എ.കെ. ശശീന്ദ്രനെ പിന്തുണയ്ക്കുന്നവരാണ് ഇക്കാര്യത്തിൽ കൂടുതൽ വിഷമിക്കുന്നത്.
ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെ ഔദ്യോഗിക നേതൃത്വം മുന്നണി വിട്ടാൽ, ഇടതുമുന്നണിയിൽത്തന്നെ തുടരുന്ന ശശീന്ദ്രൻ വിഭാഗത്തെ ജനപ്രതിനിധികളുടെ ഭാവി അനിശ്ചിതത്വത്തിലാവും. ഇക്കാരണങ്ങളാൽ താഴെതട്ടിലെ സീറ്റ് ചർച്ചകളിൽ എൻ.സി.പി. പ്രവർത്തകരുടെ ആവശ്യങ്ങൾ സി.പി.എം. പരിഗണിക്കുന്നില്ലെന്ന പരാതികളും ഉയരുന്നുണ്ട്.
ഔദ്യോഗിക നേതൃത്വം എൻ.സി.പി. ദേശീയ പ്രസിഡന്റ് ശരത് പവാറിനെ ഈ ആഴ്ച കാണാൻ ആലോചിച്ചിട്ടുണ്ട്. ദേശീയ നേതൃത്വത്തിന് പാർട്ടി ഇടതുമുന്നണിയിൽ തന്നെ നിൽക്കണമെന്ന് നിർബന്ധമില്ല. ഭരണമാറ്റത്തിന് സാധ്യതയുണ്ടെങ്കിൽ യു.ഡി.എഫിലേക്ക് കളംമാറുന്നതിന് ദേശീയ നേതൃത്വം അനുമതി നൽകിയേക്കും.
തട്ടിപ്പ് കേസിൽ കോടതി ശിക്ഷിച്ച സംസ്ഥാന ജനറൽ സെക്രട്ടറി ജയൻ പുത്തൻപുരക്കലിനെ സസ്പെൻഡ് ചെയ്ത നടപടി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ മാസ്റ്റർ കഴിഞ്ഞ ദിവസം പിൻവലിച്ചതും വിവാദമായിരിക്കുകയാണ്.
പാർട്ടി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്താൽ അന്വേഷണത്തിന് സബ് കമ്മിറ്റിയെ നിയോഗിച്ച് അവർ നൽകുന്ന റിപ്പോർട്ട് ചർച്ചചെയ്തു വേണം തുടർ നടപടിയെടുക്കാൻ. ഇത് ചെയ്യാതെ സംസ്ഥാന പ്രസിഡന്റ് ഏകപക്ഷീയമായി നടപടിയെടുക്കുന്നുവെന്ന ആക്ഷേപമാണ് ശശീന്ദ്രൻ വിഭാഗം ഉന്നയിക്കുന്നത്.