കോട്ടയം : എന്‍.സി.പിയിലെ തര്‍ക്കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുന്നു. മാണി സി. കാപ്പനുമായും മന്ത്രി എ.കെ. ശശീന്ദ്രനുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും. എന്‍.സി.പി. ഇടതു മുന്നണി വിടുന്ന സാഹചര്യം ഒഴിവാക്കാനാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. അടുത്ത ദിവസം തന്നെ മുഖ്യമന്ത്രി ഇരുവരുമായും കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ നാലുസീറ്റുകളില്‍ മത്സരിച്ച എന്‍.സി.പി. രണ്ടിടത്ത് വിജയിച്ചു.
ഉപതിരഞ്ഞെടുപ്പ് നടന്ന പാലായില്‍ കൂടി വിജയിച്ചതോടെ എന്‍.സി.പിയുടെ അംഗബലം മൂന്നായി. സീറ്റുകള്‍ വെച്ചുമാറുന്ന കാര്യങ്ങള്‍ പരിഗണനയിലുണ്ടെങ്കില്‍ പോലും പാലാ സീറ്റ് വിട്ടു കൊടുക്കില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് നിലവിലെ പാലാ എം.എല്‍.എ. മാണി സി.കാപ്പനും എന്‍.സി.പി. സംസ്ഥാന നേതൃത്വവും. ഇക്കാര്യത്തില്‍ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറില്‍നിന്ന് ഇവര്‍ക്ക് കൃത്യമായ ഉറപ്പും ലഭിച്ചിട്ടുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് തിരുവനന്തപുരം കേന്ദ്രീകരിച്ച് കൂടുതല്‍ അനുനയ ചര്‍ച്ചകള്‍ നടക്കുന്നത്.