പാലക്കാട് : ജില്ലയില്‍ രോഗവ്യാപനം ഉണ്ടോയെന്നു പരിശോധിക്കാന്‍ ഇന്ന്‍ മുതല്‍ മൂന്ന് ദിവസങ്ങളിലായി വലിയങ്ങാടി ഉള്‍പ്പെടെയുള്ള ചന്തകളിലും നഗരസഭകളിലും വ്യാപകമായി ആന്‍റിജന്‍ ടെസ്റ്റ് നടത്തുമെന്ന് ഡിഎംഒ ഡോ. കെ പി റീത്ത അറിയിച്ചു. മൂന്നു ദിവസങ്ങളിലായാണ് പരിശോധന നടത്തുക. ലോറി ഡ്രൈവേഴ്സ്, ട്രക്ക് ഡ്രൈവേഴ്സ്, സെക്യൂരിറ്റി ജീവനക്കാര്‍, കച്ചവടക്കാര്‍ ഉള്‍പ്പെടെയുള്ളവരില്‍ റാന്‍ഡം പരിശോധന നടത്തും. മേലാമുറിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലായിരിക്കും പരിശോധന നടത്തുക.
നഗരസഭകളിലെ തിരക്കുള്ള പ്രദേശങ്ങളിലും വാണിയംകുളം, കുഴല്‍മന്ദം തുടങ്ങിയ പ്രദേശങ്ങളിലെ ചന്തകളിലും വരും ദിവസങ്ങളില്‍ പരിശോധന നടത്തും. ജില്ലാ കലക്ടര്‍ ഡി. ബാലമുരളിയുടെ അധ്യക്ഷതയില്‍ ബ്ലോക്ക് തലത്തിലും താലൂക്ക് തലത്തിലുമുള്ള മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്താനുളള തീരുമാനം. പാലക്കാട് മുനിസിപ്പാലിറ്റി ഹെല്‍ത്ത് വിങ്ങുമായി ഡിഎംഒ യുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം യോഗം നടത്തുകയും ആന്‍റിജന്‍ പരിശോധന നടത്താന്‍ തീരുമാനം എടുക്കുകയും ചെയ്തിരുന്നു.
ആന്‍റിജന്‍ ടെസ്റ്റിനുള്ള കിറ്റുകള്‍ പാലക്കാട് ജില്ലയ്ക്ക് ലഭ്യമായി തുടങ്ങിയ സാഹചര്യത്തിലാണ് പരിശോധന നടത്താനുള്ള തീരുമാനം. കഴിഞ്ഞ ദിവസം പെരുമാട്ടി, എലപ്പുളളി കേന്ദ്രീകരിച്ചും ലേബര്‍ ക്യാംപുകളിലും അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ആന്‍റിജന്‍ ടെസ്റ്റുകള്‍ ചെയ്തിരുന്നു. 50 -തോളം പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ആ പരിശോധനാഫലങ്ങള്‍ നെഗറ്റീവ് ആണ്.