പാലക്കാട് : പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനൊരുങ്ങുകയാണ് ബിജെപി. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും ലിസ്റ്റില്‍ രണ്ട് നേതാക്കളാണെന്നാണ് വിവരം. കേന്ദ്ര നേതൃത്വം പാലക്കാട്ടേയ്ക്ക് പരിഗണിക്കുന്നത് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെയാണ് എന്നാണ് വിവരം. സംസ്ഥാന നേതൃത്വത്തിന്റെ പ്രഥമ പരിഗണനയില്‍ സി കൃഷ്ണകുമാറാണെന്നുള്ള സൂചനയും പുറത്തുവന്നു. അതേസമയം പാലക്കാട് സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായേക്കുമെന്നുള്ള വിവരവും പുറത്തുവരുന്നുണ്ട്.
അതിനിടെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന നിലപാടിയാണ് ശോഭാ സുരേന്ദ്രന്‍. ഇക്കാര്യം ശോഭ കേരളത്തിന്റെ ചുമതലയുള്ള കേന്ദ്ര നേതാവ് പ്രകാശ് ജാവദേക്കറിനെ അറിയിച്ചു. ശോഭയുടെ നിലപാട് പ്രകാശ് ജാവദേക്കര്‍ പാര്‍ലമെന്ററി ബോര്‍ഡിനെ അറിയിക്കുകയും ചെയ്തു. ഇന്നലെ വൈകിട്ടോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കും വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കുമുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. നവംബര്‍ പതിമൂന്നിനാണ് തിരഞ്ഞെടുപ്പ് നടക്കുക. തൊട്ടുപിന്നാലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനേയും ചേലക്കര രമ്യ ഹരിദാസിനേയും വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയേയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.