പത്തനംതിട്ട : ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് അമിത ലാഭം വാഗ്ദാനം ചെയ്ത് 3.45 കോടി തട്ടിപ്പ് നടത്തിയ കേസില്‍ പാലക്കാട് സ്വദേശിയെ ജില്ലാ ക്രൈംബ്രാഞ്ച് പിടികൂടി. പാലക്കാട് കൊപ്പം
കൈപ്പറമ്പ് പട്ടമ്മാര് വളപ്പിൽ വീട്ടിൽ മുഹമ്മദ് സലിമാണ് (42) അറസ്‌റ്റിലായത്. പ്രതിയെ കോടതിയിൽ ഹാജ രാക്കി റിമാൻഡ് ചെയ്തു. കോഴഞ്ചേരി സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡിവൈഎസ്‌പി കെ.എ.വിദ്യാധരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കംബോഡിയ കേന്ദ്രമാക്കി പ്രവർത്തതിക്കുന്ന തട്ടിപ്പ് സംഘങ്ങളുടെ ഭാഗമായിരുന്നു ഇയാള്‍. നാലുദിവസം മലപ്പുറം, പാലക്കാട് ജില്ലകളിൽ താമസിച്ചു നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിലാണ് ഇയാൾ പിടിയിലാകുന്നത്.
വിവിധ സമൂഹ മാധ്യമങ്ങളിലുടെ വ്യാജ പരസ്യങ്ങൾ നൽകി ആളുകളെ കബളിപ്പിച്ച് കൂടുതൽ പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചാണ് ഇയാൾ ഉൾപ്പെട്ട സംഘം തട്ടിപ്പു നടത്തുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് മലപ്പുറം കോഴിക്കോട് സ്വദേശികളായ 10 പ്രതികളെയും 2 ആന്ധ്രാ സ്വദേശികളെയും നേരത്തെ ജില്ലാ ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തിരുന്നു. സംസ്ഥാനത്തെ തൊഴിൽ രഹിതരായ യുവാക്കളെ കംബോഡിയയിലെ തട്ടിപ്പ് കേന്ദ്രങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ സലിം നാല് മാസമായി ഒളിവിലായിരുന്നു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഇനിയും പിടിയിലാകാനുണ്ട്.