കൊച്ചി : പാലാരിവട്ടം മേല്‍പാലത്തില്‍ ഇന്ന് മുതല്‍ പുതിയ ഗര്‍ഡറുകള്‍ സ്ഥാപിച്ചു തുടങ്ങും. തൂണുകള്‍ ബലപ്പെടുത്തുന്ന ജോലിയും പിയര്‍ ക്യാപ്പുകളുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. സമാന്തരമായി തന്നെ പുതിയ ഗര്‍ഡറിന് മേല്‍ സ്പാനുകള്‍ കോണ്‍ക്രീറ്റ് ചെയ്തു തുടങ്ങും. പാലാരിവട്ടം പാലം പൊളിക്കാന്‍ തുടങ്ങി രണ്ടു മാസം പിന്നിടുമ്പോഴാണ് പുതിയ ഗര്‍ഡറുകള്‍ സ്ഥാപിച്ചു തുടങ്ങുന്നത്. ഇതുവരെ അഞ്ച് തൂണുകള്‍ കോണ്‍ക്രീറ്റ് ജാക്കറ്റിംഗ് ചെയ്തു ബലപ്പെടുത്തി പുതിയ പിയര്‍ ക്യാപ്പുകള്‍ നിര്‍മ്മിച്ചു കഴിഞ്ഞു. ഒരു സ്പാനില്‍ ആറ് ഗര്‍ഡറുകള്‍ ആണുള്ളത്. 17 സ്പാനുകളിലായി ആകെ വേണ്ടത് 102 ഗര്‍ഡറുകള്‍. ഇതില്‍ 39 എണ്ണത്തിന്റെ കോണ്‍ക്രീറ്റിംഗ് മുട്ടം യാര്‍ഡില്‍ പൂര്‍ത്തിയായി.
തൂണുകളുടെ പുനഃനിര്‍മാണത്തിന് ഒപ്പം ഗര്‍ഡറുകള്‍ സ്ഥാപിക്കും. പിഎസ്‌സി ഗര്‍ഡര്‍ ഉപയോഗിച്ച് നിര്‍മ്മിച്ച മധ്യഭാഗത്തും ഇടപ്പള്ളി ഭാഗത്ത് അപ്രോച്ച് റോഡിനോട് ചേര്‍ന്നും ഉള്ള രണ്ട് സ്പാനുകള്‍ പൊളിക്കുന്നില്ല. മധ്യഭാഗത്തെ സ്പാന്‍ പ്രത്യേക ജാക്കി ഉപയോഗിച്ച് ഉയര്‍ത്തി നിര്‍ത്തി പിയര്‍ ക്യാപ്പുകള്‍ പൊളിച്ചു നിര്‍മിക്കാനാണ് തീരുമാനം. എട്ടുമാസംകൊണ്ട് പാലാരിവട്ടം പാലം പുനര്‍ നിര്‍മിക്കാമെന്നാണ് ഡിഎംആര്‍സിയുടെയും കരാര്‍ ഏറ്റെടുത്തിരിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും കണക്കുകൂട്ടല്‍.