കൊച്ചി : പാലാരിവട്ടം പാലത്തിന്റെ പൊളിച്ചുപണിയല്‍ അടുത്ത മേയ് മാസത്തോടുകൂടി പൂര്‍ത്തിയാക്കുമെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. ഡി.എം.ആര്‍.സിയുടെ നേതൃത്വത്തില്‍ പുതിയ പാലം നിര്‍മിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞു. പാലം നിര്‍മ്മിക്കാന്‍ ഡി.എം.ആര്‍.സിക്ക് സര്‍ക്കാര്‍ തല്‍ക്കാലം പണം നല്‍കേണ്ടതില്ല. സംസ്ഥാന സര്‍ക്കാരിനായി നടപ്പാക്കിയ വിവിധ പദ്ധതികള്‍ക്കായി അനുവദിച്ചതില്‍ ഡി.എം.ആര്‍.സിയുടെ പക്കല്‍ ബാക്കിയുള്ള പണംകൊണ്ട് മേല്‍പ്പാലം പുനര്‍നിര്‍മ്മിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഇ. ശ്രീധരന്‍ വ്യക്തമാക്കി. 17.4 കോടി രൂപ ഡി.എം.ആര്‍.സിയുടെ അക്കൗണ്ടിലുണ്ട്. 21 കോടി രൂപയോളം പാലം പുനര്‍നിര്‍മാണത്തിനു വേണ്ടിവരുമെന്നായിരുന്നു പ്രാഥമിക എസ്റ്റിമേറ്റ്.
പുനര്‍നിര്‍മാണം എപ്രകാരം വേണമെന്നതു സംബന്ധിച്ച ഡിസൈന്‍ നേരത്തെ തന്നെ ഡി.എം.ആര്‍.സി. ശ്രീധരന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയിരുന്നു. ഊരാളുങ്കല്‍ ലേബര്‍ സൊെസെറ്റിക്കായിരിക്കും നിര്‍മാണച്ചുമതല. പൊളിക്കുന്നതിനാവശ്യമായ യന്ത്രസാമഗ്രികള്‍ ഉടന്‍ കൊച്ചിയിലെത്തിക്കും. അടുത്താഴ്ച തന്നെ പാലം പൊളിക്കല്‍ ആരംഭിക്കും. എട്ടുമാസമാണ് നിര്‍മാണത്തിന് ഡി.എം.ആര്‍.സി. കണക്കാക്കുന്ന സമയപരിധി. നേരത്തെ കൊച്ചി നഗരത്തിലെ നാല് മേല്‍പ്പാലങ്ങള്‍ നിര്‍മിച്ച അനുഭവ പരിജ്ഞാനമുണ്ട് ഡി.എം.ആര്‍.സിക്ക്. നോര്‍ത്ത് പാലം, പച്ചാളം മേല്‍പ്പാലം, ഇടപ്പള്ളി പാലം, എ.എല്‍. ജേക്കബ് പാലം എന്നിവയാണത്. ഇവയ്ക്കായി സര്‍ക്കാര്‍ അനുവദിച്ച തുകയില്‍നിന്നും കുറഞ്ഞ തുകയ്ക്ക് പാലം നിര്‍മാണം ഡി.എം.ആര്‍.സി. പൂര്‍ത്തിയാക്കിയിരുന്നു.
ഡി.എം.ആര്‍.സിയുടെ കൈവശം ഈ പാലങ്ങള്‍ പണിത വകയില്‍ ബാക്കിവന്ന തുകയാണ് പാലാരിവട്ടം മേല്‍പ്പാലത്തിനായി വിനിയോഗിക്കുക. മേല്‍പ്പാലം പൊളിക്കല്‍ തുടങ്ങുന്നതോടെ വാഹന ക്രമീകരണം ഉള്‍പ്പെടെയുള്ളവ കര്‍ശനമാക്കേണ്ടിവരും. ഇതോടെ മാസങ്ങളോളം നീളുന്ന യാത്രാദുരിതം ബൈപ്പാസ് വഴി സഞ്ചരിക്കുന്നവര്‍ നേരിടേണ്ടിവരുമെന്നുറപ്പായി. നഗരത്തിലെ സര്‍വ്വീസ് റോഡുകള്‍ ഗതാഗതം തിരിച്ചുവിടാന്‍ ഉപയോഗിക്കേണ്ടിവരും.