കൊച്ചി : യുഡിഎഫ് സർക്കാരിന്റെ കാലത്ത് പണിത് ഒരുവർഷത്തിനുശേഷം തകർന്നുപോയ കൊച്ചി പാലാരിവട്ടം മേൽപ്പാലം റെക്കോഡ് വേഗതയിൽ പണിത് ഇന്ന് ഗതാഗതത്തിനായി തുറന്നു നൽകി. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ഉള്ളതിനാൽ ഔദ്യോഗികമായ ഉദ്ഘാടന ചടങ്ങുകളൊന്നും ഇല്ലാതെ വൈകുന്നേരം 3.45 ഓടെയാണ് പാലം ഗതാഗതത്തിന് തുറന്നു നല്‍കിയത്. പാലത്തിലൂടെ മന്ത്രി ജി സുധാകരന്‍ ആദ്യ യാത്ര നടത്തി. അഞ്ച് മാസവും 10 ദിവസം കൊണ്ടാണ് പാലം പണികഴിപ്പിച്ചത്.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് 47.70 കോടി രൂപ എസ്റ്റിമേറ്റിൽ പാലാരിവട്ടം പാലം പണിതത്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് പണിപൂര്‍ത്തിയായത്. ഏറെ കൊട്ടിഘോഷിച്ചാണ് പിണറായി സര്‍ക്കാര്‍ പാലം ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഒരു വർഷം പിന്നിട്ടപ്പോഴേക്കും പാലം തകർന്നു. ഇതോടെ കുറ്റമെല്ലാം യു.ഡി.എഫ് സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെച്ച് പിണറായി സര്‍ക്കാര്‍ തടിയൂരി. തുടര്‍ന്ന് പുതിയ പാലം പണിയാന്‍ നീക്കം ആരംഭിച്ചു. 22.86 കോടി രൂപക്ക് പുതിയ പാലവും പെട്ടെന്ന് പണിതീര്‍ത്തു. ഒരു രാഷ്ട്രീയ ലക്‌ഷ്യം ആയിരുന്നതിനാല്‍ പണി റെക്കോഡ് വേഗത്തില്‍ തീര്‍ത്തു. പാലത്തിന്റെ അടിസ്ഥാന നിര്‍മ്മാണ പ്രവര്‍ത്തികള്‍ നേരത്തെ പൂര്‍ത്തിയായതിനാല്‍ നിര്‍മ്മാണവും എളുപ്പമായിരുന്നു.