കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസിൽ കുരുക്ക് മുറുകിയതോടെ രക്ഷപ്പെടാൻ വിചിത്രവാദങ്ങളുമായി വി കെ ഇബ്രാഹിംകുഞ്ഞ്. എല്ലാത്തിനും ഉത്തരവാദി പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി ഒ സൂരജാണെന്ന് ചോദ്യം ചെയ്യലിൽ അദ്ദേഹം വിജിലൻസിനോട് പറഞ്ഞു.
സർക്കാരിന്റെ നടപടി ചട്ടങ്ങൾ പ്രകാരം മന്ത്രിയേക്കാൾ പ്രധാന ചുമതല സെക്രട്ടറിക്കാണെന്നും അദ്ദേഹം പറഞ്ഞു. ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് വെളിപ്പെടുത്തി ടി ഒ സൂരജ് ഹൈക്കോടതിയിൽ നൽകിയ രേഖ കാട്ടി ചോദിച്ചപ്പോഴായിരുന്നു എല്ലാം ഉദ്യോഗസ്ഥരുടെ തലയിലിട്ടത്. കരാർ കമ്പനിക്ക് വഴിവിട്ട് 8.25 കോടി രൂപയാണ് വായ്‌പ അനുവദിച്ചത്. ചോദിച്ചപ്പോൾ പണം നൽകരുതെന്ന് ഒരു ഉദ്യോഗസ്ഥനും ഫയലിൽ എഴുതിയില്ല. സെക്രട്ടറിയായിരുന്ന സൂരജാണ് എല്ലാത്തിനും കുഴപ്പക്കാരൻ.
ഒരു ഫയലിലും പണം അനുവദിക്കരുതെന്ന് അദ്ദേഹം എഴുതിയില്ല. സർക്കാരിന് സാമ്പത്തിക നഷ്‌ടമുണ്ടായെന്ന വിജിലൻസ് വാദവും ഇബ്രാഹിംകുഞ്ഞ് നിഷേധിച്ചു. വായ്‌പയ്‌ക്ക് 11.50 മുതൽ 13.50 ശതമാനംവരെ പലിശ ഈടാക്കേണ്ടിടത്ത് ഏഴ് ശതമാനം മാത്രമായിരുന്നു ഈടാക്കിയത്. സർക്കാരിന് ലക്ഷങ്ങളുടെ നഷ്‌ടമുണ്ടായെന്ന സിഎജി റിപ്പോർട്ടുകൂടി വിജിലൻസ് പരാമർശിച്ചു. എന്നാൽ റോഡ് ഫണ്ട് ബോർഡ് അഞ്ച് ശതമാനം പലിശയ്‌ക്കെടുത്ത പണമാണ് ഏഴ് ശതമാനം പലിശയ്‌ക്ക് നൽകിയതെന്നായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ വാദം.