കൊച്ചി: പാലാരിവട്ടം പാലം പൊളിക്കുന്നത് ഈമാസം അവസാനത്തോടെ പൂര്‍ത്തിയാക്കി പുനര്‍ നിര്‍മാണം വേഗത്തിലാക്കാമെന്ന് ഡി.എം.ആര്.സി വിലയിരുത്തല്‍. നിലവില്‍ ഗര്‍ഡറുകള്‍ മുറിച്ചിറക്കിയ സ്പാനുകളില്‍ ജാക്കറ്റിങ് പണികള്‍ പുരോഗമിക്കുകയാണ്.
ഇതുവരെ 11 സ്പാന്‍ പൊളിക്കുന്നത് പൂര്‍ത്തിയായി. പാലത്തിലെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ കെ.എം.ആര്.എല്‍ മുന്‍ പ്രിന്‍സിപ്പല്‍ അഡ്വൈസര്‍ ഇ. ശ്രീധരന് ബുധനാഴ്ച സന്ദര്‍ശിച്ചു. എട്ടുമാസം കൊണ്ട് പാലം പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കുന്നത് ലക്ഷ്യമിട്ട് സെപ്റ്റംബര്‍ അവസാനത്തോടെയാണ് പാലത്തില്‍ പണികള്‍ തുടങ്ങിയത്. നിലവില്‍ 11ാമത്തെ സ്പാനിന്റെ സ്ലാബുകള്‍ മുറിച്ചുമാറ്റല്‍ പൂര്‍ത്തിയായി. മറ്റ് രണ്ട് സ്പാനിന്റെ ഗര്‍ഡറുകള്‍ ഇറക്കുന്ന പണികളാണ് പുരോഗമിക്കുന്നത്. ഈയാഴ്ച തന്നെ 13 സ്പാനുകളുടെ പൊളിക്കല്‍ പൂര്‍ത്തിയാക്കുന്നത്
ലക്ഷ്യമിട്ടാണ് പണികള്‍ നീങ്ങുന്നത്. ബാക്കി നാല് സ്പാനുകളുടെ ഗര്‍ഡറുകള്‍ പൊളിച്ചിറക്കുന്നത് രണ്ടാഴ്ച കൊണ്ട് പൂര്‍ത്തിയാകുമെന്ന് പുനര്‍നിര്‍മാണ കരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയുടെ കണക്കുകൂട്ടല്‍. പാലത്തിന്റെ സെന്‍ട്രല്‍ സ്പാനുകളിലും ഗര്‍ഡറുകളിലും വിള്ളല്‍ കണ്ടെത്തിയിരുന്നു. 18 പിയര്‍ ക്യാപ്പുകളില്‍ 16 എണ്ണത്തിലും വിള്ളല്‍ ഗുരുതരമാണെന്നും റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. അടുത്ത വര്‍ഷം ഏപ്രിലില്‍ പാലം പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കി തുറക്കുമെന്നാണ് പ്രതീക്ഷ. ഇത് ലക്ഷ്യമിട്ടാണ് പണി പുരോഗമിക്കുന്നത്.