കൊച്ചി : വിവാദമായ പാലത്തായി പീഡനക്കേസില്‍ പ്രതിയായ ബി.ജെ.പി നേതാവിനെ അന്വേഷണ സംഘം സഹായിച്ചത് നിയമോപദേശം മറികടന്ന്. നാലാം ക്ലാസുകാരിയായ വിദ്യാര്‍ഥിനിയെ പീഡനത്തിന് ഇരയാക്കിയ പ്രതിക്കെതിരെ പോക്‌സോ കേസ് ചുമത്താവുന്നതാണെന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം മറികടന്നാണ് അന്വേഷണസംഘം താരതമ്യേന ലഘുവായ വകുപ്പുകള്‍ ചേര്‍ത്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതേത്തുടര്‍ന്ന് പ്രതിയും അധ്യാപകനുമായ പത്മരാജന് കഴിഞ്ഞ ദിവസം ജാമ്യം ലഭിക്കുകയും ചെയ്തു.
പ്രതി പത്മരാജന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് ക്രൈബ്രാഞ്ച് നിയമോപദേശം തേടിയത്. പീഡനത്തിന് ഇരയായ കുട്ടിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ലാത്തതിനാല്‍ കുറ്റപത്രം എങ്ങനെ സമര്‍പ്പിക്കുമെന്നത് സംബന്ധിച്ചായിരുന്നു നിയമോപദേശം തേടിയത്. നിലവില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പോക്‌സോയോ മറ്റ് വകുപ്പുകളോ ചുമത്തുന്നതില്‍ തെറ്റില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ ഓഫീസ് നല്‍കിയ നിയമോപദേശം.
പ്രതി അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ കുറ്റപത്രം സമര്‍പ്പിക്കണമെന്നും സൂചിപ്പിച്ചിരുന്നു. എന്നാല്‍ നിയമോപദേശം മറികടന്ന് ജുവൈനല്‍ ജസ്റ്റിസ് ആക്ടും ഐ. പി.സിയുടെ ദുര്‍ബല വകുപ്പുകളും മാത്രം ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയത്. പ്രതി അറസ്റ്റിലായി 90 ദിവസം തികയുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമാണ് തലശ്ശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പോക്‌സോ വകുപ്പുകള്‍ ചുമത്തിയിട്ടില്ലാത്തതിനാല്‍, അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയായതോടെ പ്രതിക്ക് ജാമ്യം ലഭിക്കുകയും ചെയ്തു. ദുര്‍ബല വകുപ്പുകള്‍ ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചതിനെതിരെ സംസ്ഥാനമൊട്ടാകെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.