ന്യൂഡല്‍ഹി: 971 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഭൂമി പൂജ ആരംഭിച്ചു. പ്രധാനമന്ത്രിയാണ് തറക്കല്ലിടുന്നത്. ചടങ്ങിനെത്തിയ മോദിയെ സ്പീക്കര്‍ ഓം ബിര്‍ള സ്വീകരിച്ചു. 64,500 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമാണ് കെട്ടിടത്തിനുണ്ടാവുക. രാഷ്ട്രപതി ഭവനില്‍നിന്ന് ഇന്ത്യാ ഗേറ്റ് വരെയുള്ള രാജ്പഥ് വിപുലപ്പെടുത്തി നവീകരിക്കുന്ന ‘സെന്‍ട്രല്‍ വിസ്ത’ സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമാണ് പുതിയ പാര്‍ലമെന്റ് മന്ദിരം.
കോവിഡ് വ്യാപനം അടക്കമുള്ള സാഹചര്യങ്ങളില്‍ കടുത്ത ധനപ്രതിസന്ധി നേരിടുമ്പോള്‍ ശതകോടികള്‍ ചെലവിട്ട് ആഡംബര നിര്‍മമ്മാണം നടത്തുന്നതിനെ പ്രതിപക്ഷം ചോദ്യം ചെയ്തിരുന്നു. ടാറ്റക്കാണ് മന്ദിരം പണിയാനുള്ള കരാര്‍ നല്‍കിയത്. മൂന്നു കോടിയോളം രൂപയുടെ മാത്രം വ്യത്യാസത്തില്‍ ലാര്‍സന്‍ ആന്‍ഡ് ടൂബ്രോയെ (എല്‍. ആന്‍ഡ്. ടി) പിന്തള്ളിയാണ് ടാറ്റ പ്രോജക്ട്സ് നിര്‍മാണ കരാര്‍ നേടിയത്.

ഇപ്പോഴത്തെ പാര്ലമെന്റ് മന്ദിരം പുതുക്കി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കും. നിര്‍മാണത്തിനുപുറമെ അഞ്ചു വര്‍ഷത്തെ പരിപാലന ചുമതലയും ടാറ്റക്കാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച വൃത്താകൃതിയിലുള്ള ഇപ്പോഴത്തെ പാര്ലമെന്റ് മന്ദിരം കാലപ്പഴക്കത്തില്‍ ജീര്‍ണിച്ചുവെന്നും ഭാവി ആവശ്യങ്ങള്‍ക്ക് ഉതകില്ലെന്നുമാണ് സര്‍ക്കാര്‍ വാദം. അതിര്‍ത്തി പുനര്‍നിര്‍ണയം നടത്തി ഭാവിയില്‍ ലോക്സഭയില്‍ കൂടുതല്‍ അംഗങ്ങളെ ഉള്‍ക്കൊള്ളിക്കേണ്ടി വന്നാല്‍ ഒരാളെ പോലും കൂടുതലായി ഇരുത്താന്‍ സ്ഥലമുണ്ടാകില്ലെന്ന് സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു.
പദ്ധതിയെ എതിര്‍ക്കുന്ന ഹര്‍ജികളില്‍ തീര്‍പ്പാകും വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ശിലാസ്ഥാപനച്ചടങ്ങിനും കടലാസു ജോലികള്‍ക്കും തടസ്സമില്ല. പ്രധാനമന്ത്രിക്കുപുറമേ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയും ചടങ്ങില്‍ സംസാരിക്കും. ചടങ്ങ് ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നെങ്കിലും നേതാക്കള്‍ക്കിടയിലെ അഭിപ്രായഭിന്നത കാരണം പിന്‍വലിച്ചു. രാജ്യസഭയിലെ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ് പങ്കെടുക്കുമെന്നാണറിയുന്നത്.
നിലവിലുള്ള പാര്ലമെന്റ് മന്ദിരത്തിന്‍റെ സ്വീകരണ കേന്ദ്രവും എ.സി പ്ലാന്‍റും ഉള്‍പ്പെടെ 1970 -80കളില്‍ നിര്‍മ്മിച്ച 5,200 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടങ്ങള്‍ പൊളിക്കും. നിര്‍മാണ സ്ഥലത്തുള്ള 333 മരങ്ങളില്‍ 223 വൃക്ഷത്തൈകള്‍ പറിച്ചുനടുകയും 100 എണ്ണം നിലനിര്‍ത്തുകയും ചെയ്യും. പുതുതായി 290 മരങ്ങള്‍ നടാനും പരിസ്ഥിതി മന്ത്രാലയം നിര്‍ദേശിച്ചിരുന്നു.