ആറന്മുള : പമ്പാ നദിയിലെ ചെളിയും മണ്ണും നീക്കം ചെയ്യുന്ന പ്രവൃത്തി അന്തിമ ഘട്ടത്തിലേക്ക്. ഇടയാറന്മുള മാലേത്ത് കടവിലെ ചെളി നീക്കം ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്. എന്നാൽ ആഞ്ഞിലിമൂട്ടിൽ പാലം വരെയുള്ള ഭാഗങ്ങളിലെ മണ്ണും ചെളിയും നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇപ്പോഴത്തെ പ്രവൃത്തി ഭാഗികമാണെന്നാണ് ഇവര്‍ പറയുന്നത്.
കോഴിത്തോട് ചേരുന്ന ഭാഗത്തെ വിസ്തൃതമായ മൺപുറ്റ് നീക്കം ചെയ്യുന്നത് ഇനിയും നീളുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. വെള്ളപ്പൊക്കമുണ്ടായാൽ നദിയിൽ കൂടുതൽ വെള്ളം ഉൾക്കൊള്ളാനും കോഴിത്തോട്ടിലെ വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാനും ആഞ്ഞിലിമൂട്ടിൽ കടവു വരെയുള്ള ഭാഗത്തെ മണ്ണ് നീക്കം ചെയ്യേണ്ടതുണ്ട്.
നദിയിൽ നിന്ന് വലിച്ചു മാറ്റുന്ന മണ്ണും ചെളിയും കരയോട് ചേർന്നാണ് ശേഖരിക്കുന്നത്. മഴ പെയ്യുകയോ നദിയിൽ വെള്ളമുയരുകയോ ചെയ്താൽ ഇവ വീണ്ടും നദിയുടെ ഭാഗമായി മാറുമെന്ന ആശങ്കയും നിലനിൽക്കുന്നു. കാലങ്ങളായി നദീമധ്യത്തിൽ രൂപപ്പെട്ട് കിടക്കുന്ന മൺപുറ്റുകൾ നീക്കി ആഴം വർധിപ്പിക്കണമെന്ന ആവശ്യവും നടപ്പാകുന്നില്ല .
നദിയുടെ ആഴം കൂട്ടിയാൽ ക്ഷേത്രക്കടവ് ഭാഗത്ത് വെള്ളത്തിന്റെ ഒഴുക്കും ക്രമമാകും. പരപ്പുഴ കടവ് മുതൽ ആഞ്ഞിലിമൂട്ടിൽ കടവ് വരെയുള്ള ഭാഗത്തെ ചെളിയും മണ്ണും പൂർണമായും വലിച്ചുമാറ്റിയാൽ നദിയുടെ പഴയ ദിശ കൃത്യമാകുമെന്നും കരക്കാർ പറയുന്നു. കുളിക്കടവുകളും ഉപയോഗപ്രദമാക്കണം. ഈ പ്രദേശത്തെ 10ൽ അധികം കടവുകൾ ഉപയോഗ ശൂന്യമാണ്. എന്നാൽ പ്രവൃത്തിയുടെ രണ്ടാം ഘട്ടത്തിൽ ആഞ്ഞിലിമൂട്ടിൽ കടവിനെ ഉൾപ്പെടുത്തുമെന്ന നേരത്തേയുള്ള മറുപടിയിൽ തന്നെയാണ് അധികൃതർ ഇപ്പോഴും.