റാന്നി : പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മ്മാണം നടക്കുന്ന ചെത്തോംങ്കര എസ്.സി സ്കൂള്‍ പടി ഭാഗത്ത് റോഡില്‍ വെള്ളംകയറി ഗതാഗതം ഭാഗികമായി മുടങ്ങി. ബദല്‍ പാതയായ വലിയകാവ് ചെട്ടിമുക്ക് റോഡില്‍ പുള്ളോലി ഭാഗത്തും വെള്ളം കയറിയതിനാല്‍ ഗതാഗതം പൂര്‍ണ്ണമായും മുടങ്ങാന്‍ സാധ്യതയാണ്. കിഴക്കന്‍ മേഖലയില്‍ മഴ ശക്തമായതിനാല്‍ റാന്നിയില്‍ ഇനിയും വെള്ളം ഉയരാന്‍ സാധ്യതയുണ്ട്. പമ്പാ നദി കരകവിഞ്ഞതോടെ പേട്ട ഉപാസനകടവില്‍ വെള്ളം റോഡിലേയ്ക്ക് കയറി തുടങ്ങിയിട്ടുണ്ട്.
പമ്പാ നദിയില്‍ ജലനിരപ്പ് വളരെയധികം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. ആറന്മുള സത്രക്കടവില്‍ റോഡിലേക്ക് വെള്ളം കയറണമെങ്കില്‍ ഇനിയും 10 അടി ഉയരത്തില്‍ ജലനിരപ്പ് എത്തണം. തുടര്‍ച്ചയായ മഴ, ഉരുള്‍പൊട്ടല്‍, ഡാം തുറന്നുവിടുക ഇവയുണ്ടായെങ്കിലെ പെട്ടെന്ന് ജലനിരപ്പ് ഉയരുകയുള്ളൂ. എന്നിരുന്നാലും ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്.