റാന്നി : നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്പന നടത്തിയതിന് സ്റ്റേഷനറി കടയുടമ അറസ്റ്റില്‍. റാന്നി പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍പ്പെട്ട വലിയകുളം ഷാപ്പുപടി കഞ്ഞിക്കുഴി സുരേഷിന്റെ കടയില്‍നിന്നാണ് പാന്‍പരാഗ് ഇനത്തില്‍പെട്ട നിരോധിത പുകയില ഉത്പന്നങ്ങളുടെ ശേഖരം പിടിച്ചെടുത്തത്. ജില്ലാപോലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തെത്തുടര്‍ന്നു നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി: ആര്‍. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവ പിടികൂടിയത്.
കടയില്‍ സ്ഥിരമായി നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് പോലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളില്‍ റെയ്ഡുകളും പരിശോധനകളും തുടരുമെന്ന് ജില്ലാപോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു. ഇത്തരം ഉത്പന്നങ്ങളുടെ കച്ചവടം, വ്യാജമദ്യ നിര്‍മാണവും വിപണനവും, പച്ചമണ്ണ് മണല്‍ കടത്ത് എന്നിവ തടയുന്നതിനും ആവശ്യമായ നിയമനടപടികള്‍ തുടര്‍ന്നും നടത്തുന്നതിന് എല്ലാ പോലീസുദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുള്ളതായും ജില്ലാപോലീസ് മേധാവി വ്യക്തമാക്കി.