പന്തളം: ഇത്തവണ ശബരിമല തീർഥാടന കാലത്ത് കുളനട പഞ്ചായത്തിലെ കൈപ്പുഴയിലുള്ള തീർത്ഥാടക വിശ്രമ മന്ദിരം തീർത്ഥാടകർക്കായി തുറക്കില്ല. വിശ്രമ മന്ദിരം കുളനട പഞ്ചായത്തിന്റെ കൊറോണ പ്രാഥമിക ചികിത്സാകേന്ദ്രത്തിന് തയ്യാറാക്കി ഇട്ടിരിക്കുന്നതിനാലാണ് ഇവിടം തുറന്നുകൊടുക്കാൻ കഴിയാത്തത്. പകരം കൈപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന് സമീപമുള്ള സ്ഥലവും കുളനട ഭഗവതിക്ഷേത്രത്തിനടുത്തും വിശ്രമകേന്ദ്രത്തിന് വിട്ടുകിട്ടുന്നതിനായി കുളനട പഞ്ചായത്ത് അനുമതി തേടിയിട്ടുണ്ട്.
കൈപ്പുഴ തീർത്ഥാടകവിശ്രമ മന്ദിരത്തിന് സമീപം വാഹനങ്ങൾ നിർത്തിയിടുന്നതിനും താഴെയുള്ള തുറന്ന സ്ഥലത്ത് വിശ്രമിക്കുന്നതിനും പൊതുശൗചാലയങ്ങൾ ഉപയോഗിക്കുന്നതിനും പഞ്ചായത്ത് സൗകര്യമൊരുക്കും.
പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിന് സമീപം ദേവസ്വം ബോർഡ് പുതുതായി പണിയുന്ന കെട്ടിടസമുച്ചയം തുറന്നു കൊടുക്കുന്നതോടെ ഇവിടെയുള്ള പഴയ അന്നദാനമണ്ഡപവും വിശ്രമ മന്ദിരവും വിശ്രമിക്കുന്നതിനായി ഉപയോഗിക്കാനാകും.
മണികണ്ഠനാൽത്തറയിൽ അയ്യപ്പാസേവാസംഘം 344-ാം നമ്പർ ശാഖ ഇത്തവണ കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ഉച്ചഭക്ഷണം പാഴ്‌സലായി നൽകാനാണ് തീരുമാനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കുന്നുണ്ട്.