എടത്വ: ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദേശീയ ആദ്ധ്യാത്മിക സാംസ്കാരിക കൂട്ടായ്മയായ പാഞ്ചജന്യം ഭാരതം ദേശീയ ചെയർമാനായി ബഹിരാകാശ ശാസ്ത്രജ്ഞനും പ്രഭാഷകനുമായ ഡോ.ടി.പി.ശശികുമാറിനെ തിരഞ്ഞെടുത്തു. ദേശീയ ഉപദേശക സമിതിയിലേക്ക് ഡോ.ജെ.എം.ദേവയെ (അക്ഷർധാം ഡൽഹി) ഉൾപ്പെടുത്തി. വർക്കിംഗ് ചെയർമാനായി ആർ.ആർ.നായർ, വൈസ് ചെയർമാനായി കുടശ്ശനാട് മുരളി, കോർ കമ്മറ്റിയംഗമായി ശ്രീകുമാർ ഇരുപ്പക്കാട്ട് എന്നിവരെയും നിയോഗിച്ചുകൊണ്ട് ഉന്നതാധികാരസമിതി പുനസംഘടിപ്പിച്ചു. പാഞ്ചജന്യം ഭാരതം അഞ്ചാമത് സ്ഥാപകദിനത്തിനു (വിജയദശമി) മുന്നോടിയായി നാളെ മുതൽ 13 വരെ പ്രഭാഷണ പരമ്പരകൾ സംഘടിപ്പിക്കുന്നതിനും ആർ.ആർ.നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന ദേശീയസമിതിയോഗം തീരുമാനിച്ചു.
ഡോ.എൻ.ജി.മേനോൻ, ഡോ.ഇ.എം.ജി.നായർ, ഡോ.എം.വി.നടേശൻ, വിനോദ്കുമാർ കല്ലേത്ത്, അഡ്വ.കെ.ഗിരീഷ്കുമാർ, കെ.നന്ദകുമാർ, എം.കെ.ശശിയപ്പൻ, ശ്യാമളാ സോമൻ, ഡോ.ലക്ഷ്മി കാനത്ത്, ഡോ.അനിതാ ശങ്കർ, സതി സുനിൽ എന്നിവർ പ്രസംഗിച്ചു. ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ടിപി ശശികുമാർ 1989 മുതൽ രണ്ട് ദശാബ്ദക്കാലം ബഹിരാകാശ വകുപ്പിൽ ശാസ്ത്രജ്ഞനും കേരളത്തിലെ കാലിക്കറ്റ് സർവകലാശാലയിലെ യുജിസി-അക്കാദമിക് സ്റ്റാഫ് കോളേജിൻ്റെ ഡയറക്ടറും ഡൽഹി കാബിനറ്റ് സെക്രട്ടേറിയറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സെക്യൂരിറ്റിയിൽ ഡെപ്യൂട്ടി ഡയറക്ടറുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.