തൃശൂര്‍ : അടാട്ട് ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറിയായിരുന്ന പുന്നയൂര്‍ക്കുളം ചിറ്റഴി വീട്ടില്‍ സുരേഷ് ബാബു ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ടു നല്‍കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശം. ഇതു സംബന്ധിച്ച് പഞ്ചായത്ത് സയറക്ടര്‍ക്കാണ് കമ്മിഷന്‍ നോട്ടീസ് അയച്ചത്. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പുന്നയൂര്‍ക്കുളം സ്വദേശിയായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. അടാട്ട് ഗ്രാമ പഞ്ചായത്ത് അസി. സെക്രട്ടറിയായിരുന്ന സുരേഷ് ബാബുവിനെ 2022 ഏപ്രില്‍ 28ന് വ്യാഴാഴ്ച ഉച്ചയോടെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ പുന്നയൂര്‍ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു സുരേഷ് ബാബു.
ആത്മഹത്യ ചെയ്യുന്നതിനു ആറ് മാസം മുന്‍പാണ് അടാട്ടേക്ക് സ്ഥലമാറ്റം ലഭിച്ചത്. ഓഡിറ്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പുന്നയൂര്‍ പഞ്ചായത്തില്‍ ഓഡിറ്റ് നടക്കുന്നതിനിടെ സുരേഷ് ബാബു കൈകാര്യം ചെയ്ത ഫയലുകള്‍ കാണാതായിരുന്നു. ഫയലുകള്‍ കാണാതായതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിനു മെമ്മോ അയച്ചിരുന്നു. ഓഡിറ്റ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട ഫയല്‍ നല്‍കാനാവാത്തതിന്റെ മാനസിക സമ്മര്‍ദത്തിലായിരുന്നു സുരേഷ് ബാബു എന്നു പറയപ്പെടുന്നു. പോക്കറ്റില്‍നിന്ന് ലഭിച്ച കുറിപ്പില്‍ മരണത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നതായി അറിയുന്നു.
ഓഡിറ്റിങ്ങിന് വിധേയമാക്കേണ്ട ഫയലുകള്‍ കാണാതായതാണ് സുരേഷ് ബാബുവിനെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. പുന്നയൂര്‍ പഞ്ചായത്ത് അസി.സെക്രട്ടറിയായിരുന്ന സുരേഷ് ബാബുവിനെ അടാട്ടേക്ക് സ്ഥലം മാറ്റിയതിലും ദുരുഹതയുണ്ടെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു. സ്ഥലംമാറി പോകുന്ന ഉദ്യോഗസ്ഥര്‍ തന്റെ പക്കലുള്ള ഫയലുകള്‍ പകരം ചുമതലയേല്‍ക്കുന്ന ഉദ്യോഗസ്ഥനു കൈമാറേണ്ടതാണ്. ഫയല്‍ കൈമാറിയിട്ടുണ്ടോ എന്നു ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തം അതാത് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കുണ്ടെന്നും അപ്രകാരം ചെയ്യാതിരുന്നത് വീഴ്ചയായി ഹര്‍ജിക്കാരന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.