തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഈ വര്‍ഷം നടത്തുന്ന പൊതുതെരഞ്ഞെടുപ്പിനുള്ള വരണാധികാരികളെയും ഉപ വരണാധികാരികളെയും നിയമിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. 941 ഗ്രാമ പഞ്ചായത്തുകളിലെയും 152 ബ്ലോക്ക് പഞ്ചായത്തുകളിലെയും 14 ജില്ലാ പഞ്ചായത്തുകളിലെയും 86 മുനിസിപ്പാലിറ്റികളിലെയും 6 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെയും വരണാധികാരികളെയാണ് സര്‍ക്കാരുമായി കൂടിയാലോചിച്ച് കമ്മീഷന്‍ നിയമിച്ചിട്ടുള്ളത്.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ ഒന്ന് വീതവും 35 വരെ വാര്‍ഡുകളുള്ള മുനിസിപ്പാലിറ്റികളില്‍ ഒന്ന് വീതവും അതില്‍ കൂടുതലുള്ളവയ്ക്ക് രണ്ട് വീതവും വരണാധികാരികളെയാണ് നിയമിച്ചിട്ടുള്ളത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 4 പേരെയും കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ 3 പേരെ വീതവും കൊല്ലം, തൃശ്ശൂര്‍, കണ്ണൂര്‍ കോര്‍പ്പറേഷനുകളില്‍ 2 പേരെ വീതവുമാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് വരണാധികാരികളായി നിയമിച്ചിട്ടുള്ളത്.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വരണാധികാരികളെ സഹായിക്കുന്നതിന് ഉപവരണാധികാരികളെയും നിയമിച്ച് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. വരണാധികാരികളായി 1246 ഉദ്യോഗസ്ഥരെയും ഉപവരണാധികാരികളായി 1311 പേരെയും നിയമിച്ചാണ് വിജ്ഞാപനം ചെയ്തത്. വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കും തെരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച് സെപ്റ്റംബറില്‍ പരിശീലനം നല്‍കും. ഓരോ ജില്ലയിലും ബ്ലോക്ക് തലത്തില്‍ 30 പേരടങ്ങുന്ന ബാച്ചുകളായി നേരിട്ടുള്ള പരിശീലനമാണ് നല്‍കുന്നത്.