അടൂര്‍ : കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ പന്തളത്ത് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ. അടൂര്‍ നിയോജക മണ്ഡലത്തിലെ തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, ആര്‍ഡിഒ, തഹസീല്‍ദാര്‍, അടൂര്‍ ഡിവൈഎസ്പി, പന്തളം എസ്എച്ച്ഒ, മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും എംഎല്‍എ അഭ്യര്‍ഥിച്ചു.
പന്തളം നഗരസഭയിലെ ഏഴ്, എട്ട്, ഒന്‍പത് 10, 11, 12, 13, 25 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ്സോണ്‍ ആക്കുന്നതിന് നഗരസഭ ചെയര്‍പേഴ്സണ്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കുന്നതിന് ജില്ലാ കളക്ടറോടു ശുപാര്‍ശ ചെയ്യുന്നതിന് യോഗം തീരുമാനിച്ചു. പന്തളം നഗരസഭയിലെ വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. അടൂര്‍ നഗരസഭ ഉള്‍പ്പെടെ എല്ലാ പഞ്ചായത്തിലും ജാഗ്രത പുലര്‍ത്തണം. വ്യാപാര സ്ഥാപനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ ലഘുലേഖകള്‍ വ്യാപാരസ്ഥാപനങ്ങളില്‍ നല്‍കണം. റവന്യൂ, പോലീസ് വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും ശക്തമായ നിരീക്ഷണം നടത്തണം. പ്രത്യേക മൈക്ക് അനൗണ്‍സ്മെന്റ് നടത്തണം. ആഘോഷങ്ങള്‍ ഒഴിവാക്കണം. പഞ്ചായത്ത്, വാര്‍ഡ് തല ജാഗ്രത സമിതികള്‍ യോഗം ചേര്‍ന്ന് നിരീക്ഷണം ശക്തമാക്കണമെന്നും യോഗം നിര്‍ദേശിച്ചു.