പത്തനംതിട്ട : പന്തളം നഗരസഭ വീട്ടുനമ്പര്‍ ഇടാത്തതിനാല്‍ നിര്‍ദ്ധനനായ കടയ്ക്കാട് കല്ലാറ്റില്‍ പുത്തന്‍വീട്ടില്‍ ഹാബുദീനും കുടുംബവും ആനുകൂല്യങ്ങള്‍ കിട്ടാതെ വലയുന്നു. അടൂര്‍ ആര്‍.ഡി.ഒയുടെ തീരുമാനം വൈകുന്നതാണ് നഗരസഭയില്‍ നിന്നും വീട്ടു നമ്പര്‍ ലഭിക്കാന്‍ താമസം.
നഗരസഭയില്‍ നിന്നു കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ലഭിക്കാതെയാണ് വീടു പണി നടത്തിയത്. വീട്ടുനമ്പര്‍
ലഭിക്കാത്തതിനാല്‍ സര്‍ക്കാരില്‍ നിന്നു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കിട്ടുന്നില്ല. ഇതോടെ കോവിഡ് കാലത്ത് മറ്റ് മാര്‍ഗമൊന്നുമില്ലാതെ കഷ്ടപ്പെടുകയാണ് ഷഹാബദീനും കുടുംബവും. ഭാര്യ സലീനയും മൂന്നു മക്കളും അടങ്ങുന്നതാണു ഷഹാബുദ്ദീന്റെ കുടുംബം. മൂത്തമകളെ വിവാഹം കഴിച്ചു വിട്ടു. വിദ്യാര്‍ത്ഥികളായ രണ്ടു മക്കള്‍ക്കൊപ്പമാണ് താമസം.
വീടിനു നമ്പരില്ലെങ്കിലും വൈദ്യുതി ലഭിച്ചത് മുമ്പ് വാടകയ്ക്കു താമസിച്ചിരുന്ന വീടിന്റെ മേല്‍വിലാസത്തിലാണ്. ഈ വിലാസത്തില്‍ റേഷന്‍ കാര്‍ഡുണ്ട് എന്നതു മാത്രമാണ് ആശ്വാസം. വയല്‍ നികത്തിയാണ് വീട് വെച്ചത്. അതിനാല്‍ നിലമെന്നതു മാറ്റി പുരയിടമാക്കി നല്‍കണ്ടതു റവന്യൂ വിഭാഗമാണ്. ഇക്കാര്യത്തില്‍ ഷഹാബുദ്ദീന്‍ കളക്ടര്‍ക്കു പരാതി നല്കിയിരുന്നു. ഇടയ്ക്കു വില്ലേജില്‍ നിന്നും വന്നു സ്ഥലം അളന്നു കൊണ്ടു പോയിരുന്നു. പിന്നീടു തുടര്‍ നടപടികളൊന്നുമുണ്ടായില്ല. കോവിഡ് കഴിയട്ടെ എന്ന് ആര്‍.ഡി.ഒയുടെ ഓഫീസില്‍ നിന്ന് അറിയിച്ചിരുന്നു. ആ പ്രതീക്ഷയില്‍ കഴിയുകയാണ് ഷഹാബുദ്ദീനും കുടുംബവും.