പന്തളം : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച പന്തളം എംഇആർസിയുടെ ഉദ്ഘാടനവും മെയ് രണ്ടുവരെ സംഘടിപ്പിച്ചിരിക്കുന്ന ഭക്ഷ്യമേളയുടെയും കുടുംബശ്രീ അംഗങ്ങളുടെ ബ്ലോക്ക്‌തല ‘അരങ്ങ് 2025’ ന്റെയും ഉദ്ഘാടനവും അതോടൊപ്പം കെ ഫോർ കെയർ കൺസോർഷ്യത്തിന്റെ ഉദ്ഘാടനവും ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. വിപണന മേളയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനീഷ് മോനും നിർവഹിച്ചു. മെയ് 2 വരെയാണ് ഭക്ഷ്യ വിപണന മേള സംഘടിപ്പിച്ചിരിക്കുന്നത്. ഭക്ഷ്യമേളയിൽ കുടുംബശ്രീ യുണിറ്റുകൾ തയ്യാറാക്കുന്ന കേരളത്തിലെ വിവിധതരം ഭക്ഷ്യവസ്‌തുക്കളുടെ പ്രദർശനവും വിൽപ്പനയും ഉണ്ടായിരിക്കും. ജില്ലയിലെ വിവിധ കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്ന 5 വിപണന സ്റ്റാളുകൾ, 10 ലൈവ് ഭക്ഷ്യ സ്റ്റാളുകൾ എന്നിവയാണുള്ളത്. സംരംഭകത്വ വികസന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെ സ്ത്രീകൾക്ക് സുസ്ഥിരമായ തൊഴിലും വരുമാനവും ഉറപ്പാക്കുന്നതിന് ഉപജീവന മേഖലയെ ശക്തിപ്പെടുത്തുകയാണ് കുടുംബശ്രീ മൈക്രോ എന്റർപ്രൈസ് റിസോഴ്‌സ് സെന്റർ (എംഇആർസി) കൊണ്ട് ലക്ഷ്യമാക്കുന്നത്.
വയോജന രോഗീ പരിചരണ മേഖലയില്‍ വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായാണ് കുടുംബശ്രീയുടെ കെ ഫോര്‍ കെയര്‍ പദ്ധതി. കൂടുതല്‍ തൊഴില്‍ അവസരങ്ങളൊരുക്കുന്നതിന്‍റെ ഭാഗമായാണ് പരിശീലനം ലഭിച്ച കെ ഫോർ കെയര്‍ എക്സിക്യൂട്ടീവുകളെ ഉള്‍പ്പെടുത്തി ജില്ലാതല കണ്‍സോര്‍ഷ്യവും രൂപീകരിച്ചിരിക്കുന്നത്. കുടുംബശ്രീ അംഗങ്ങൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം നൽകുന്ന കലാമേളയാണ് ‘ അരങ്ങ് ‘. 29,30 തീയതികളിൽ പന്തളം പറക്കോട് ബ്ലോക്കിന്റെ അരങ്ങ് മത്സരം നടത്തപ്പെടും. ജില്ലാ കുടുംബശ്രീ മിഷൻ കോ ഓർഡിനേറ്റർ എസ് ആദില അധ്യക്ഷത വഹിച്ച യോഗത്തിൽ പന്തളം തെക്കേക്കര എംഇ ആർസി ചെയർപേഴ്സൺ രാജി പ്രസാദ് സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓഡിനേറ്റർ ബിന്ദു രേഖ കെ പദ്ധതി വിശദീകരണം നടത്തി. പന്തളം തെക്കേക്കര വൈസ് പ്രസിഡന്റ് റാഹേൽ, പന്തളം തെക്കേക്കര ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രിയ ജ്യോതി കുമാർ, എന്നിവർ ആശംസ പറഞ്ഞു. കുടുംബശ്രീ ബ്ലോക്ക് കോ ഓർഡിനേറ്റർ ആതിര നന്ദി പറഞ്ഞു.