പന്തളം : നഗരസഭ പുതിയതായി പണിയാനുദ്ദേശിക്കുന്ന ഓഫീസ് കോംപ്ലക്‌സിന്റെ മണ്ണുപരിശോധന തുടങ്ങി. പന്തളം നഗരസഭാ ബസ്സ്റ്റാൻഡിനുള്ളിലാണ് മണ്ണ് പരിശോധന നടക്കുന്നത്. ഫണ്ട് അനുവദിച്ചാൽ താമസമില്ലാതെ ബാക്കി നടപടികളിലേക്ക് കടക്കുമെന്ന് ചെയർപേഴ്‌സൺ സുശീല സന്തോഷ് പറഞ്ഞു. കഴിഞ്ഞ നഗരസഭാ ഭരണസമിതിയുടെ കാലത്താണ് പന്തളം നഗരസഭയുടെ പുതിയ മന്ദിരത്തിന് രൂപരേഖയായത്. അന്ന് ഭൂമിയുടെ തർക്കം തടസ്സമായപ്പോൾ പണിയും തുടക്കത്തിലേ മരവിച്ചു.
തുടർന്നാണ് പുതിയ ഭരണസമിതി ലാൻഡ് റവന്യൂ കമ്മിഷണറെ സമീപിച്ചത്. സ്ഥലം നഗരസഭയുടേതുതന്നെയാണെന്ന ഉത്തരവ് ലഭിച്ചതോടെ അന്ന് പ്ലാൻ തയ്യാറാക്കിയ തൃശ്ശൂർ ജില്ലാ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉദ്യോഗസ്ഥർ കെട്ടിടം പണിയുന്ന സ്ഥലം സന്ദർശിച്ചു. പഴയ ഡി.പി.ആർ. പ്രകാരമുള്ള പദ്ധതിയായതിനാൽ ചെറിയ മാറ്റങ്ങളോടെയാണ് പുതിയ മന്ദിരം ഉയരുന്നത്.