പന്തളം : ബിജെപി ഭരണം നടത്തുന്ന പന്തളം നഗരസഭയിൽ ബിജെപിയിലെ ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗം തടസ്സപ്പെടുത്തി സെക്രട്ടറിയെ ഉപരോധിച്ചു. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കെ വി പ്രഭ, ബിജെപി പന്തളം മേഖലാ പ്രസിഡന്റ് സൂര്യ എന്നിവരുടെ നേതൃത്വത്തിൽ ആണ് കൗണ്‍സില്‍ യോഗം നടക്കാതിരിക്കാന്‍ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചത്. റോഡ് ഇതര ഫണ്ടും മെയിൻ്റനൻസ് ഫണ്ടും സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനാണ് കൗൺസിൽ ചേരാൻ തീരുമാനിച്ചത്. ഇക്കാര്യം സ്റ്റിയറിംഗ് കമ്മിറ്റിയും നഗരസഭയിലെ എല്ലാ കക്ഷി നേതാക്കളുടെയും യോഗം വിളിച്ച് നഗരസഭാദ്ധ്യക്ഷ അറിയിച്ചിരുന്നു. ഒപ്പം കേന്ദ്ര സര്‍ക്കാരിന്റെ അമൃത് സരോവര്‍ പദ്ധതിയില്‍ അനുവദിച്ച 58 ലക്ഷം രൂപയുടെ അംഗീകാരം നേടുന്നതിനും തീരുമാനിച്ചിരുന്നു.
ഇന്നു ചേരാനിരുന്ന കൗണ്‍സില്‍ യോഗത്തിനു മുന്നോടിയായി തിങ്കളാഴ്ച ബന്ധപ്പെട്ട സ്ഥിരം സമിതികളായ വികസന, ധനകാര്യ സ്ഥിരം സമിതികള്‍ വിളിച്ചിരുന്നു. വികസനകാര്യ സ്ഥിരം സമിതി കൂടിയെങ്കിലും ധനകാര്യ സ്ഥിരം സമിതി കൂടാന്‍ കഴിഞ്ഞില്ല. ധനകാര്യസ്ഥിരം സമിതി അദ്ധ്യക്ഷകൂടിയായ നഗരസഭാ ഉപാദ്ധ്യക്ഷ യു. രമ്യ ഏറെ നേരം കാത്തിരുന്നെങ്കിലും സ്ഥിരം സമിതിയംഗമായ ബിജെപി പന്തളം മേഖലാ പ്രസിഡന്റു കൂടിയായ സൂര്യ എസ്. നായര്‍ മന:പൂര്‍വ്വം യോഗത്തിനെത്താതിരുന്നതാണു കാരണം.
ഇന്നു രാവിലെ പത്തരയോടെ കൗണ്‍സില്‍ യോഗം കൂടാനായിരുന്നു തീരുമാനിച്ചിരുന്നത്. എല്‍ഡിഎഫ്, യുഡിഎഫ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷാംഗങ്ങള്‍ യോഗത്തിനെത്തുകയും ചെയ്തിരുന്നു. എന്നാല്‍ യോഗം കൂടുന്നതു തടയുന്നതിനായി കക്ഷി നേതാവ് കെ വി പ്രഭയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ അച്ചന്‍കുഞ്ഞു ജോണ്‍ ഉള്‍പ്പെടെയുള്ള ബിജെപിയില്‍ നിന്നുള്ള ഏഴംഗങ്ങള്‍ ചേര്‍ന്നു സെക്രട്ടറിയെ ഘൊരാവോ ചെയ്യുകയായിരുന്നു. ഇതോടെ ഇന്നു നടക്കാനിരുന്ന കൗണ്‍സില്‍ യോഗം മാറ്റിവെയ്‌ക്കേണ്ടി വന്നു.
ബിജെപിയുടെ വികസന വിരുദ്ധ നടപടിക്കെതിരെ എൽഡിഎഫ്- യുഡിഎഫ് അംഗങ്ങൾ നരസഭ കവാടത്തിൽ പ്രതിഷേധ സമരം നടത്തി. പ്രതിഷേധ സമരവേദിയിൽ ബിജെപി പന്തളം നഗരസഭാ സമിതി അദ്ധ്യക്ഷൻ ഹരികുമാറും പങ്കെടുത്തു. ഇതോടെ ബിജെപി ഭരണസമിതിയിലെ അംഗങ്ങൾ തമ്മിലുള്ള ചേരിപ്പോര് മറനീക്കി പുറത്തുവന്നു. പന്തളത്തെ വികസനം തടസ്സപ്പെടുത്തുന്നത് ബിജെപിയിലെ ഒരു വിഭാഗമാണെന്ന എൽഡിഎഫ് ആരോപണം ഇതോടെ ശരിയായി.