പന്തളം : പതിനേഴുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ ആൾ പിടിയിൽ. പന്തളം ചേരിക്കൽ ലക്ഷം വീട് നഗറിൽ താമസിക്കുന്ന ഷാജഹാനെ(48)യാണ് പന്തളം പോലീസ് അറസ്റ്റുചെയ്തത്. ഇയാൾ സ്ഥിരമായി സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അശ്ലീലം കാട്ടുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും പൊതുസ്ഥലങ്ങളിൽ ശല്യം ചെയ്യുകയും ചെയ്യുന്ന ആളാണെന്ന് പോലീസ് പറഞ്ഞു. സമാനകേസിൽ മുമ്പും ഇയാൾക്കെതിരേ പന്തളം പോലീസ് കേസ് എടുത്തിരുന്നു. വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെ ട്യൂഷൻ സെന്ററിലേക്ക് പോകുകയായിരുന്ന കുട്ടിയ്ക്കുനേരെ പന്തളം ഗേൾസ് സ്കൂളിന് മുൻവശത്തെ എം.സി.റോഡിന്റെ നടപ്പാതയിൽ വെച്ചാണ് ഷാജഹാൻ അതിക്രമം കാട്ടിയത്.
അശ്ലീലം പറഞ്ഞുകൊണ്ട് പിന്നാലെ കൂടിയശേഷം കുട്ടിയുടെ ദേഹത്ത് കടന്നുപിടിച്ച് ലൈംഗിക അക്രമത്തിനു വിധേയയാക്കുകയായിരുന്നു. പെൺകുട്ടി ബഹളം കൂട്ടിയപ്പോൾ ഇയാൾ ഓടിപ്പോയി. കുട്ടി വീട്ടിലെത്തി വിവരം ധരിപ്പിക്കുകയും പോലീസിൽ അറിയിക്കുകയുമായിരുന്നു. എസ്.എച്ച്.ഒ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അനീഷ് എബ്രഹാം, വിനോദ് കുമാർ, എസ്‌സിപിഒ വിജയകുമാർ, സിപിഒമാരായ എസ്. അൻവർഷ, അഖിൽ, ജലജ എന്നിവരടങ്ങിയ പോലീസ് സംഘം പ്രതിയെ മുട്ടാർ നിന്നുമാണ് പിടികൂടിയത്.