കോഴിക്കോട് : പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ ലാപ് ടോപ്പ് കാണാനില്ല. കുറ്റകൃത്യം തടയാനായി എല്ലാ പോലീസ് സ്റ്റേഷനുകളേയും ബന്ധിപ്പിച്ചുകൊണ്ടുള്ള ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ്വര്‍ക്ക് ആന്‍ഡ് സിസ്റ്റംസ് സൗകര്യമുള്ള ലാപ്ടോപ്പ് പോലീസ് സ്റ്റേഷനില്‍നിന്നു കാണാതായത്. ലാപ്ടോപ്പ് നഷ്ടമായി ഒരാഴ്ചയായെങ്കിലും ഇതുവരെ കണ്ടെത്താന്‍ പോലീസിനു സാധിച്ചിട്ടില്ല.
പുറത്തുനിന്നുള്ളവര്‍ ലാപ്ടോപ്പ് മോഷ്ടിക്കാനുള്ള സാധ്യതയില്ലാത്തതിനാല്‍ കള്ളന് കപ്പലില്‍ തന്നെയായിരിക്കാനുള്ള സാധ്യതയാണ് പോലീസുദ്യോഗസ്ഥര്‍ കാണുന്നത്. ലാപ്ടോപ്പ് കാണാതായത് സേനയില്‍ ഗൗരവവിഷയമായി നിലനില്‍ക്കുന്നുണ്ടെങ്കിലും ഇക്കാര്യം പുറത്തറിയാതിരിക്കാന്‍ പോലീസ് ജാഗ്രതപുലര്‍ത്തുന്നുണ്ട്. സംഭവത്തില്‍ ഇതുവരെയും പോലീസ് കേസെടുത്തിട്ടില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയേകേണ്ട പോലീസിന് സ്വന്തം സ്റ്റേഷനിലെ സ്വത്തു പോലും സംരക്ഷിക്കാന്‍ കഴിയുന്നില്ലെന്ന ചോദ്യമാണ് ഉയരുന്നത്.