പത്തനംതിട്ട : രണ്ട് കൗമാരക്കാരുൾപ്പെടെ ആറ് പേരടങ്ങുന്ന ചുമടുതാങ്ങി തിരുട്ടുസംഘത്തിലെ മൂന്നുപേരെ പന്തളം പോലീസ് സ്ക്വാഡ് പിടികൂടി. ഒന്നരവർഷമായി വാഹനങ്ങളടക്കം മോഷ്ടിച്ച് നാട്ടുകാരുടെ ഉറക്കം കെടുത്തിയ തസ്കരസംഘത്തിലെ പ്രധാന കണ്ണികളാണ് കുടുങ്ങിയത്. കടമ്പനാട് കല്ലുകുഴി മുക്കുന്നിവടക്കേതിൽ കുട്ടു എന്ന ബിജീഷ് (19), കൊല്ലം കുന്നത്തൂർ പടിഞ്ഞാറ്റേ മുറിയിൽ നെടിയവിള മാണിക്കമംഗലം കോളനിയിൽ പാലിക്കലേത്ത് വീട്ടിൽ ആദിത്യൻ (19), കൊല്ലം പോരുവഴി ഇരക്കാട് ചാലമുക്ക് ബിവറേജസ് ഷോപ്പിന് സമീപം കുളത്തരയ്യത്ത് വീട്ടിൽ നിഖിൽ (20) എന്നിവരാണ് പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന 16 കാരായ രണ്ടുപേരെ ലഹരികൊടുത്ത് ഭീഷണിപ്പെടുത്തി ഒപ്പം കൂട്ടിയതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഈ കുട്ടികളെ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി പോലീസ് വിട്ടയച്ചു.
വാഹനമോഷണം പതിവാക്കിയ സംഘത്തിന് കല്ലുകുഴി നിവാസികൾ ചുമടുതാങ്ങി ജംഗ്ഷന്റെ പേര് നൽകുകയായിരുന്നു. ആക്രമണകാരികളായ ബിജീഷും ആദിത്യനുമാണ് സംഘത്തിലെ പ്രധാനികൾ. പോലീസ് സംഘത്തിന്റെ വലയിൽനിന്ന് രണ്ടുവട്ടം ഇവർ തലനാരിഴക്ക് രക്ഷപെട്ടിരുന്നു. ഡിസംബർ നാലിന് രാത്രി കുരമ്പാല മൈലാടുംകുളം ശിവഹരി വീട്ടിൽ രേണുവിന്റെ കാർ പോർച്ചിലെ സ്കൂട്ടറും റബർ ഷീറ്റുകളും ഇവർ മോഷ്ടിച്ച് കടത്തി. പന്തളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജില്ല പോലീസ് മേധാവി വി.ജി. വിനോദ് കുമാറിന്റെ നിർദേശത്തെ തുടർന്ന് പ്രത്യേകസംഘത്തെ തന്നെ അടൂർ ഡിവൈ.എസ്.പി ജി. സന്തോഷ് കുമാർ നിയോഗിച്ചിരുന്നു. പന്തളം എസ്.എച്ച്.ഒ ടി.ഡി. പ്രജീഷ്, എസ്.ഐ പി.കെ. രാജൻ, ഉദ്യോഗസ്ഥരായ എസ്. അൻവർഷ, കെ. അമീഷ്, ഹരികൃഷ്ണൻ, ജലജ എന്നിവരടങ്ങിയ സംഘമാണ് സംഘത്തെ കീഴടക്കിയത്. ഏനാത്ത്, ശൂരനാട്, ചക്കുവള്ളി, നൂറനാട്, പന്തളം പോലീസ് സ്റ്റേഷനുകളിൽ ബൈക്ക്, റബർ സ്വർണം തുടങ്ങി നിരവധി മോഷണങ്ങൾ സംബന്ധിച്ച് പരാതികളുണ്ടായിരുന്നു. തെളിവെടുപ്പിന് ശേഷം പ്രതികളെകോടതിയിൽ റിമാൻഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.