റിയാദ് : വിദേശത്ത് നിന്നും ബാഗില്‍ പുലിക്കുഞ്ഞുങ്ങളുമായി സൗദി അറേബ്യയിലെത്തിയയാള്‍ അറസ്റ്റില്‍. യെമനില്‍ നിന്നാണ് ബാഗില്‍ ഒളിപ്പിച്ച നിലയില്‍ രണ്ട് പുലി ക്കുഞ്ഞുങ്ങളെ സൗദിയിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ അതിര്‍ത്തിയില്‍ വെച്ച് സൗദി ബോര്‍ഡര്‍ സെക്യൂരിറ്റി ഏജന്‍സി നടത്തിയ പരിശോധനയില്‍ പിടിയിലാവുകയായിരുന്നു.
ബാഗുകളില്‍ ഒളിപ്പിച്ച നിലയില്‍ വന്യമൃഗങ്ങളെ സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച നിരവധി കള്ളക്കടത്തുകാരെ കിഴക്കന്‍ ജിസാന്‍ പ്രവിശ്യയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ബാഗുകളുമായി കാല്‍നടയായാണ് ഇവര്‍ സൗദിയിലേക്ക് പ്രവേശിക്കാനൊരുങ്ങിയത്. അറസ്റ്റിലായ പ്രതികളെ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കൈമാറി. പുലിക്കുഞ്ഞുങ്ങളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.