ഷാർജ : പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (PEXA UAE) യുടെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലയിലെ കായിക താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് സംഘടിപ്പിച്ച PEXA ക്രിക്കറ്റ് ലീഗ് സീസൺ -1 ൽ പാന്തേഴ്സ് പന്തളം ടീം ജേതാക്കളായി. ജൂൺമാസം ഇരുപത്തിയൊന്നാം തീയതി ഷാർജ ഡിസിഎസ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച് 8 ടീമുകൾ പങ്കെടുത്തു. ടൂർണമെന്റിന്റെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡൻറ് സുൽഫിക്കറിന്റെ അധ്യക്ഷതയിൽ പ്രമുഖ സൂപ്പർ മാർക്കറ്റ് ഗ്രൂപ്പായ തലാൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ മഹമൂദ് തലാൽ നിർവഹിച്ചു. യുഎഇയിലെ പ്രമുഖ സ്ഥാപനമായ ഹെൽവട്രോൺ കൺട്രി ഹെഡ് നൗസീർ ട്രോഫി അനാച്ഛാദനം ചെയ്തു.
യോഗത്തിൽ PEXA സെക്രട്ടറി ഫസീം ജലാൽ സ്വാഗതം പറഞ്ഞു. തുടർന്ന് നടന്ന വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ ഫൈനലിൽ റോയൽ സ്ട്രൈക്കേഴ്സ് ഷാർജയെ ഒരു റണ്ണിന് പരാജയപ്പെടുത്തി പന്തളം പാന്തേഴ്സ് പി സി എൽ സീസൺ വൺ കിരീടത്തിൽ മുത്തമിട്ടു. ശേഷം നടന്ന സമാപന ചടങ്ങിൽ വിജയികൾക്കും റണേഴ്സ് അപ്പിനുമുള്ള ട്രോഫിയും ക്യാഷ് പ്രൈസും ടൂർണമെന്റിന്റെ മുഖ്യ സ്പോൺസർ ആയിട്ടുള്ള റോയൽ വികെയർ ടെക്നിക്കൽ സർവീസ് മാനേജിംഗ് ഡയറക്ടർമാരായ ലെനിനും സുൽഫിക്കറും ചേർന്ന് വിതരണം ചെയ്തു. ടൂർണ്ണമെന്റിലെ വ്യക്തിഗത മികവുകൾക്കുള്ള പുരസ്കാരങ്ങൾ പെക്സ വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ വിതരണം ചെയ്തു. ഈ ടൂർണമെൻറ് സംഘാടന മികവുകൊണ്ട് കാണികൾക്കും കായിക താരങ്ങൾക്കും വ്യത്യസ്ത അനുഭവം ആയിരുന്നു. വരുംവർഷങ്ങളിലും കൂടുതൽ ആകർഷകമായ സമ്മാനങ്ങൾ നൽകിക്കൊണ്ട് ടൂർണമെൻറ് തുടർന്നും സംഘടിപ്പിക്കുമെന്ന് പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.