പാനൂര്‍: കടവത്തൂര്‍ മേഖലയില്‍ സംഘര്‍ഷം തുടരുന്നു. നാലു വീടുകള്‍ക്ക് നേരെ ബോംബെറിഞ്ഞു. പാലത്തായി പീഡനക്കേസില്‍പ്പെട്ട പത്മരാജന്‍റെ ബൈക്ക് കത്തിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി മത്സരിച്ച സുലൈഖയുടെ വീടിന് നേരെയായിരുന്നു ആദ്യ ബോംബേറ് നടന്ന്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമ നഗറിലെ ലീഗ് പ്രവര്‍ത്തകന്‍ വാര്‍പ്പില്‍ നാസറുടെ വീടിനും ബി.ജെ.പി. സ്ഥാനാര്‍ഥിയായി മല്‍സരിച്ച പെരുവാംബ്ര ഷാനിമയുടെയും ബി.ജെ.പി പ്രവര്‍ത്തകന്‍ കണിയാംകുന്നുമ്മല്‍ ജയപ്രകാശിന്‍റെ വീടിന് നേരെയും തുടര്‍ന്ന് ബോംബേറ് നടന്നു. നാസറിന്‍റെ മതിലിനും ഷാനിമയുടെ ഗേറ്റിന്‍റെ തൂണിനും ജയപ്രകാശന്‍റെ കുളിമുറിയുടെ ജനല്‍ ഗ്ലാസിനും കേടുപറ്റി. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഇരുവീട്ടിലും അക്രമം നടന്നത്.
പത്മരാജന്‍റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട KL-58 A1228 സി.ബി.സെഡ് ബൈക്കാണ് കത്തിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. വീട്ടില്‍ പത്മരാജന്‍റെ അമ്മ ചീരുവും സഹോദരന്‍ മുകുന്ദനുമാണ് താമസം. സംഭവത്തിന് പിന്നില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി നേതാവ് വി.പി. ബാലന്‍ ആരോപിച്ചു. കൊളവല്ലൂര്‍ എസ്.എച്ച്.ഒ ലതീഷിന്‍റെ നേതൃത്വത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.