കൊല്ലം: റിട്ടയേർഡ് ബി.എസ്.എൻ.എൽ. ഉദ്യോഗസ്ഥൻ സി.പാപ്പച്ചനെ (81) ആശ്രാമത്ത് കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി സരിതയുടെ വീട്ടിൽനിന്ന് വിവിധ ധനകാര്യസ്ഥാപനങ്ങളിലെ പണമിടപാട് സംബന്ധിച്ച ഒട്ടേറെ രേഖകൾ പോലീസ് പിടിച്ചെടുത്തു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കുശേഷമാണ് അഞ്ച് പ്രതികളുടെയും വീടുകളിൽ പോലീസ് പരിശോധന നടത്തിയത്. മൂന്നാംപ്രതി സരിത വാടകയ്ക്കു താമസിച്ചിരുന്ന തേവള്ളി മൃഗാശുപത്രിക്കു സമീപം കാവിൽ ഹൗസിൽ ഒന്നരയോടെയാണ് പോലീസ് എത്തിയത്. ഒന്നിലേറെ എയർ കണ്ടിഷണറുകൾ പ്രവർത്തിപ്പിച്ചിരുന്ന ഇരുനില ആഡംബരവീടിന് മാസം ഇരുപതിനായിരത്തിലേറെ രൂപ വാടക ലഭിക്കുന്നതായി വീട്ടുടമസ്ഥൻ പറഞ്ഞു.
സരിത ബാങ്കുകളിൽ പണം നിക്ഷേപിച്ചതിന്റെ രേഖകൾ പോലീസ് പരിശോധിച്ചു. രണ്ടുമണിക്കൂറോളം പരിശോധന നീണ്ടു. നാലാംപ്രതി അനൂപിന്റെ മരുത്തടിയിലെ വീട്ടിൽ എത്തിയ സംഘം മിനിറ്റുകൾക്കകം മടങ്ങി. ഇവിടെനിന്നും രേഖകൾ ലഭിച്ചതായി പോലീസ് പറഞ്ഞു. രണ്ടുമണിയോടെയാണ് പോളയത്തോട്ടിൽ അനിമോന്റെയും ഹാസിഫിന്റെയും വീടുകളിലെത്തിയത്. അരമണിക്കൂറിനുള്ളിൽ ഇരുവീടുകളിലെയും പരിശോധന പോലീസ് പൂർത്തിയാക്കി.