അടൂര്‍ : പറക്കോട് അനന്തരാമപുരം മാര്‍ക്കറ്റില്‍ എംഎല്‍എ ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ വിനിയോഗിച്ച് മത്സ്യ സ്റ്റാള്‍ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അറിയിച്ചു. അടിയന്തിരമായി നിര്‍മാണം തുടങ്ങുന്നതിനായി പറക്കോട് അനന്തരാമപുരം മാര്‍ക്കറ്റില്‍ സ്ഥലം നിര്‍ദേശിക്കുന്നതിന് അടൂര്‍ നഗരസഭാ അധികൃതര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.
ഇതോടെ മാര്‍ക്കറ്റിന്റെ ഇപ്പോഴത്തെ പരിതാപകരമായ അവസ്ഥയ്ക്ക് പരിഹാരമാകും. പൂര്‍ണമായി മത്സ്യകച്ചവടം ചെയ്യുന്നതിനും, കണ്ടെയ്‌നറില്‍ മത്സ്യം സൂക്ഷിക്കുന്നതിനും, മലിനജലം ഒഴുകി പോകുന്നതിനുള്ള ഡ്രെയിനേജ് സംവിധാനവും ഉണ്ടാകും. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മാണം നടത്തുന്നതെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. പൊതുമരാമത്ത് കെട്ടിടവിഭാഗമാണ് നിര്‍വഹണ ഏജന്‍സി. എഗ്രിമെന്റ് വച്ചു കഴിഞ്ഞിട്ടുണ്ട്. ഉടന്‍ നിര്‍മാണം ആരംഭിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ അറിയിച്ചു.