കോഴിക്കോട് : മലപ്പുറത്ത് പിടിയിലായ സംസ്ഥാനത്ത് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ സ്ഥാപിച്ച കേസിലെ പ്രധാനി മുഹമ്മദ് സലീമിനെയാണ് വ്യാഴാഴ്ച രാത്രി കോഴിക്കോട്ടെത്തിച്ചത്. പ്രതിയെ ഇന്ന് തെളിവെടുപ്പിന് ഹാജരാക്കും. മലപ്പുറത്ത് നിന്നാണ് മുഹമ്മദ് സലീം പിടിയിലായത്. കൊരട്ടി പോലീസിന്റെ കസ്റ്റഡിയിലായിരുന്നു. പ്രതിയെ പ്രത്യേകാന്വേഷണ സംഘാംഗമായ സി ബ്രാഞ്ച് അസി.കമീഷണര്‍ ടി .പി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് കോഴിക്കോട്ടെത്തിച്ചത്.
വിവിധ ഭാഗങ്ങളില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ സ്ഥാപിച്ചതിന് പിന്നിലെ ബുദ്ധികേന്ദ്രം സലീമാണെന്നാണ് പോലീസിന്റെ നിഗമനം. ഇത് ശരിവെക്കുന്ന മൊഴികളും പോലീസ് ശേഖരിച്ചിട്ടുണ്ട്. കോഴിക്കോട് കേസില്‍ ഒളിവില്‍ കഴിയുന്ന ഷബീര്‍, ഹൈദരാബാദില്‍ അറസ്റ്റിലായ റസാല്‍ എന്നിവരുമായി ചേര്‍ന്നാണ് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ സ്ഥാപിച്ചതും ഹവാല ഇടപാടുകള്‍ക്ക് നേതൃത്വം നല്കയതും.
ഇന്തോനേഷ്യയില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് സ്ഥാപിക്കാനുള്ള ശ്രമം നടത്തുന്നതിനിടെ മലപ്പുറത്ത് എത്തിയപ്പോഴായിരുന്നു സലീം പോലീസിന്റെ പിടിയിലായത്. തുടര്‍ന്ന് കൊരട്ടി പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് കോഴിക്കോട് കേസിലും പ്രതിചേര്‍ത്തത്. സലീമിന്റെ ലാപ്ടോപ് കോഴിക്കോട്ടുള്ള ഒരു സുഹൃത്തിനെ ഏല്‍പ്പിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ഇത് കണ്ടെത്തിയാല്‍ സമാന്തര ടെലിഫോണ്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവുണ്ടായേക്കും. കൂടുതല്‍ അറസ്റ്റുമുണ്ടാവുമെന്നാണ് സൂചന.