വിഴിഞ്ഞം : ഒരു വശം തളര്‍ന്ന 84 കാരിയെ കാട്ടിലുപേക്ഷിച്ച് മക്കള്‍ മുങ്ങി. നാലു പെണ്‍മക്കളടക്കം ആറു മക്കളുള്ള വയോധികയില്‍ നിന്നും ക്ഷേമ പെന്‍ഷന്‍ വാങ്ങി എടുത്ത ശേഷമാണ് കുറ്റിക്കാടിന് സമീപം ഉപേക്ഷിച്ച് മക്കള്‍ കടന്നത്. ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വയോധികയെ സാമൂഹ്യആരോഗ്യ പ്രവര്‍ത്തകരും വിഴിഞ്ഞം പോലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു.
ഇന്നലെ രാത്രി വിഴിഞ്ഞം മുക്കോല പീച്ചോട്ടുകോണത്താണ് സംഭവം. ലളിത എന്ന വയോധികയെ ആണ് എസ്‌ഐ ഗോപകുമാര്‍, പൊതുപ്രവര്‍ത്തകരായ മുക്കോല വില്‍സണ്‍, വിഴിഞ്ഞം സ്റ്റാന്‍ലി, ആശാ പ്രവര്‍ത്തക സുരജ എന്നിവരുടെ നേതൃത്വത്തില്‍ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. നാല് പെണ്‍മക്കളുള്‍പ്പെടെ 6 മക്കളുള്ള ലളിതയെ ഇന്നലെ ഉച്ചയോടെ രണ്ടു മക്കള്‍ ഈ ഭാഗത്ത് എത്തിച്ചു കടന്നു കളഞ്ഞുവെന്നാണ് സാമൂഹ്യപ്രവര്‍ത്തകരില്‍ നിന്നു പോലീസിനു ലഭിച്ച വിവരം. പൊതുപ്രവര്‍ത്തകര്‍ മക്കളുടെ വീടുകളിലെല്ലാം എത്തി വിവരം അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് പരാതി.
വിവരമറിഞ്ഞ് രാത്രിയോടെ ഒരു മരുമകളും ചെറുമകനും എത്തി. ഒരു വശം തളര്‍ന്ന അവസ്ഥയിലുള്ള ലളിത മക്കളിലൊരാളുടെ ഒപ്പമായിരുന്നു കഴിഞ്ഞതത്രെ. ക്ഷേമ പെന്‍ഷന്‍ ലഭ്യമായതറിഞ്ഞ് മറ്റു രണ്ടു മക്കള്‍ കൂട്ടിക്കൊണ്ടു പോയെന്നും പിന്നാലെയാണ് തന്നെ ഇവിടെ എത്തിച്ചതെന്നു ഇവര്‍ പറയുന്നു. ഇന്നു തുടര്‍ നടപടികളെടുക്കുമന്നു വിഴിഞ്ഞം പോലീസ് പറഞ്ഞു.