കോഴിക്കോട് : നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ കണ്ടെത്തിയ കേസില്‍ റിമാന്‍ഡിലായ പ്രതിയെ ജില്ല ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങി. കൊളത്തറ ശാരദാമന്ദിരം സ്വദേശി ജുറൈസിനെയാണ് കോടതി അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. ഇയാളുമായി അന്വേഷണസംഘം എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിച്ച നഗര പരിധിയിലെ ഏഴ് കെട്ടിടങ്ങളിലുള്‍പ്പെടെ തെളിവെടുപ്പ് നടത്തും.
അസി. കമ്മീഷണര്‍ ടി.പി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് കേസിന്റെ അന്വേഷണച്ചുമതല. മാസവേതനാടിസ്ഥാനത്തില്‍ ജോലിചെയ്ത ജുറൈസ് എക്സ്ചേഞ്ചിലെ ബാറ്ററികളില്‍ വെള്ളം മാറ്റുന്നതിനാണ് ഏറെയും പോയിരുന്നത് എന്നാണ് വിവരം. അതേസമയം ഇവിടങ്ങളില്‍ ആരെങ്കിലും പതിവായി വരാറുണ്ടോയെന്നതടക്കം അന്വേഷണസംഘം ചോദിച്ചറിയും.
ആവശ്യമെങ്കില്‍ കെട്ടിടങ്ങളിലെ മറ്റുള്ളവരുടെയും മൊഴിയും രേഖപ്പെടുത്തും. ഒളിവിലുള്ള മൂരിയാട് സ്വദേശിയായ ഷബീറിനെയും പ്രസാദിനെയും പിടികൂടി ചോദ്യം ചെയ്താലേ ഇതിലെ ദുരൂഹത പുറത്തുവരൂ. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കസബ പോലീസ് പരിധിയില്‍ അഞ്ചും നല്ലളം, മെഡിക്കല്‍ കോളജ് സ്റ്റേഷന് പരിധിയില്‍ ഒന്നുവീതവും സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകളാണ് പ്രവര്‍ത്തിച്ചിരുന്നത്. ഏഴ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. അന്താരാഷ്ട്ര കോളുകള്‍ കോള്‍ റൂട്ടിങ് ഡിവൈസിന്റെ സഹായത്തോടെ ലോക്കല്‍ കോളുകളാക്കി മാറ്റിയാണ് ഇവരുടെ തട്ടിപ്പ്.