ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉൾപ്പെടെയുള്ള പ്രധാന സ്റ്റേഷനുകളിൽ പാർക്കിംഗ് ഫീസ് കുത്തനെ ഉയര്‍ത്താന്‍ റെയില്‍വേ തീരുമാനമെടുത്തിട്ട് മാസങ്ങൾ കഴിഞ്ഞു. എന്നാല്‍ യാത്രക്കാരുടെ വാഹനങ്ങൾക്ക് സുരക്ഷിതമായ പാര്‍ക്കിംഗ് ഒരുക്കാൻ ഇതുവരെ അധികൃതർ തയ്യാറായിട്ടില്ല. 2025 ഫെബ്രുവരി മാസത്തിലാണ് പാർക്കിംഗ് നിരക്ക് 20 മുതൽ 30 ശ തമാനം വരെ വർധിപ്പിക്കാൻ റെയിൽവേ തീരുമാനമെടുത്തത്. ഈ വർധന ഉടൻ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിക്കുകയും ചെയ്തു. പുതിയ നിരക്കനുസരിച്ച് ഇരുചക്ര വാഹനങ്ങൾക്ക് രണ്ടു മണിക്കൂർ വരെ 10 രൂപയും (നിലവിൽ അഞ്ച് രൂപ) എട്ടു മണിക്കൂർ വരെ 20 രൂപയും (നിലവിൽ 15 രൂപ), 24 മണിക്കൂർ വരെ 30 രൂപയുമാണ് (നിലവിൽ 20 രൂപ) ഈടാക്കുന്നത്. ഹെൽമെറ്റ് പ്രത്യേകം സൂക്ഷിക്കണമെങ്കിൽ അതിന് 10 രൂപ അധികം നൽകണം. 24 മുതൽ 48 മ ണിക്കൂർ വരെയുള്ള ഇരുചക്രവാഹന പാർക്കിംഗ് നിരക്ക് 50 രൂപയിൽ നിന്ന് 60 രൂപയായി ഉയർന്നു. ഇതേ സമയപരിധിയിൽ കാറിന്റെ നിരക്ക് 100 രൂപയിൽ നിന്ന് 180 രൂപയായി വർദ്ധിച്ചു.
ഇതിനുമുൻപ് 2017 ലാണ് റെയിൽവേ പാർക്കിംഗ് ഫീസ് പരിഷ്കരിച്ചത്. എട്ട് വർഷത്തിനു ശേഷമാണ് ഇപ്പോൾ വീണ്ടും നിരക്ക് വർധിപ്പിക്കുന്നത്. നിർത്തുന്ന ട്രെയിനുകളുടെ എണ്ണം, യാത്രക്കാരുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തിൽ സ്റ്റേഷനുകളെ വിവിധ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. തിരുവനന്തപുരം ഡിവിഷന് കീഴിൽ ഒന്നാം കാറ്റഗറിയിൽ ഉൾപ്പെടുന്ന ചെങ്ങന്നൂരിൽ ഇരുചക്ര വാഹനങ്ങൾക്ക് ഒരു മാസ ത്തെ പാർക്കിംഗ് നിരക്ക് 360 രൂപയിൽ നിന്ന് 600 രൂപയായി ഉയർത്തിയിട്ടുണ്ട്. എന്നാൽ നിരക്ക് വർധിപ്പിച്ചതിന് ആനുപാതികമായ സൗകര്യങ്ങൾ സ്റ്റേഷനിൽ ലഭ്യമല്ലെന്നാണ് യാത്രക്കാരുടെ പ്രധാന പരാതി. പഴയ ശുചിമുറി സമുച്ചയത്തിന് സമീപ ത്തും പിൽഗ്രിം ഷെൽട്ടറിന് സമീപത്തുമുള്ള തുറസായ സ്ഥലങ്ങളിലാണ് ഇപ്പോഴും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. മരത്തണലിൽ നിർത്തിയിടുന്ന വാഹനങ്ങളിൽ പക്ഷികൾ കാഷ്ഠിക്കുന്നത് പതിവായതോടെ വാഹനങ്ങൾ വൃത്തികേടാകുന്നതും യാ ത്രക്കാർക്ക് ദുരിതമുണ്ടാക്കുന്നു. ഇരുചക്രവാഹനങ്ങൾ സൂക്ഷിക്കുന്ന ഭാഗത്തെങ്കിലും ഒരു മേൽക്കൂര നിർമിക്കണമെന്ന ആവശ്യം വർഷങ്ങളായി നിലനില്‍ക്കുന്നു.
പാർക്കിംഗ് ഏരിയായുടെ കരാർ നൽകുകയാണ് റെയിൽവേ പതിവായി ചെയ്യുന്നത്. അതിനാൽ സ്ഥിരം നിർമ്മാണങ്ങൾ ഇവിടെ അനുവദിക്കാൻ കഴിയില്ലെന്നാണ് റെയിൽവേയുടെ നിലപാട്. താൽക്കാലികമായി ടാര്‍പാളിന്‍ കെട്ടിയെങ്കിലും വാഹനങ്ങൾ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. അതേസമയം മേൽക്കൂര നിർമ്മിക്കാൻ കരാറുകാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് റെയില്‍വേ കൊമേഴ്ഷ്യൽ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിന്റെ പുരോഗതി എത്രത്തോള മുണ്ടെന്നും വ്യക്തമല്ല. ചെങ്ങന്നൂരിന് പുറമെ സമീപത്തുള്ള ചെറിയനാട് റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗും തുറസായ സ്ഥലത്താണ്. എന്നാൽ ഇവിടെ കരാർ പുതുക്കിയിട്ടില്ലാത്തതിനാൽ നിലവിൽ പാർക്കിംഗ് സൗജന്യമാണ്. ഉയർന്ന പാർക്കിംഗ് നിരക്ക് ഈടാക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാത്ത റെയിൽവേയുടെ നടപടി യാത്രക്കാർക്കിടയിൽ വലി യ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. എത്രയും പെട്ടെന്ന് ഈ വിഷയത്തിൽ റെയിൽവേ അധികൃതർ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ പ്രവവർത്തകനായ ബി.കൃഷ്ണകുമാർ ആവശ്യപ്പെട്ടു.