റാന്നി: ബസ് വേയോടു ചേര്‍ന്നുള്ള അനധികൃത വാഹന പാര്‍ക്കിംങ്ങ് യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ബ്ലോക്ക് പടി ജംങ്ഷനില്‍ ആണ് ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുന്നിലെ ബസ് വേ സ്വകാര്യ വാഹനങ്ങള്‍ കൈയ്യടുക്കുന്നത്. ഇതുവഴി എത്തുന്ന ബസുകള്‍ റോഡില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റിയിറക്കേണ്ട അവസ്ഥയാണ്. ഇതോടെ ഇവിടെ ഗതാഗത കുരുക്കും സൃഷ്ടിക്കപെടുകയാണ്.
ബ്ലോക്ക് പടി ജംങ്ഷന്‍ ഈ പാതയിലെ തിരക്കേറിയ സ്ഥലമാണ്. ഒരു മിനിറ്റു നേരം ബസ് റോഡില്‍ നിര്‍ത്തിയാല്‍ ഗതാഗത കുരുക്ക് ഉണ്ടാവും. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും ബാങ്കിലും എത്തുന്നവരാണ് ഇത്തരത്തില്‍ വാഹനങ്ങള്‍ കൂടുതലായും കൊണ്ടിടുന്നത്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ തയ്യാറാകാത്തതാണ് പ്രശ്നം വഷളാക്കുന്നത്.





























