ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനം തിങ്കളാഴ്ച തുടങ്ങും. ഞായറാഴ്ചചേർന്ന സർവകക്ഷി യോഗത്തിൽ പ്രതിപക്ഷപാർട്ടികളുടെ സഹകരണം അഭ്യർഥിച്ച് കേന്ദ്രസർക്കാർ. സഹകരിക്കുന്നതിന് തടസ്സമില്ലെന്നും സുപ്രധാന ജനകീയ വിഷയങ്ങൾ ഉന്നയിക്കാൻ അനുവദിക്കണമെന്നും കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികൾ ആവശ്യപ്പെട്ടു. ഡെപ്യൂട്ടിസ്പീക്കർസ്ഥാനം ഒഴിച്ചിടരുതെന്നും ബജറ്റ് സമ്മേളനത്തിൽ പ്രതിപക്ഷാംഗത്തെ ഡെപ്യൂട്ടി സ്പീക്കറായി നിയമിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിന് സർക്കാർ മറുപടി നൽകിയില്ല. ചട്ടങ്ങളനുസരിച്ച് സഭ നടത്തുമെന്നായിരുന്നു പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജുവിന്റെ മറുപടി. സഭയുടെ അന്തസ്സ് സംരക്ഷിക്കേണ്ടത് കൂട്ടുത്തരവാദിത്വമാണെന്നും ഇടയ്ക്കിടെയുള്ള തടസ്സപ്പെടുത്തൽ ഒഴിവാക്കേണ്ടതാണെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ഉത്തർപ്രദേശിലെ കാവടിയാത്രാവഴികളിലെ ഭക്ഷണശാലകളിൽ ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന നിർദേശം തീർഥാടനവേളകളിൽ കലാപം ഉണ്ടാക്കുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നൽകി.
നിർദേശം പിൻവലിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ, ജോൺ ബ്രിട്ടാസ്, പി.സന്തോഷ് കുമാർ, ഇ.ടി. മുഹമ്മദ് ബഷീർ, ജോസ് കെ.മാണി തുടങ്ങിയ എം.പി.മാർ ആവശ്യപ്പെട്ടു. ആന്ധ്രയ്ക്കും ഒഡിഷയ്ക്കും ബിഹാറിനും പ്രത്യേക പദവി വേണമെന്ന്് അവിടെനിന്നുള്ള എം.പി.മാർ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിലെ ജനവിധി സർക്കാർ ഉൾക്കൊള്ളണമെന്ന് ജോൺ ബ്രിട്ടാസ് എം.പി. ആവശ്യപ്പെട്ടു. ഹിന്ദി ജനങ്ങളിൽ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമം ഗുണത്തേക്കാളേറെ ദോഷമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. പറഞ്ഞു.