ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് വിജയ് ചൗക്കില്‍ സമരം നടത്തുന്നതിനിടയില്‍ പാര്‍ലമെന്‍റ് കവാടം ഉപരോധിച്ച ജെബി മേത്തറും മഹിളാ കോണ്‍ഗ്രസുകാരും അറസ്റ്റില്‍. നൂറോളം മഹിളാ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും നിരോധനാജഞ ലംഘിച്ച് പ്രതിഷേധവുമായി പാര്‍ലമെന്‍റ് കവാടത്തിലെത്തിയിരുന്നു.
കനത്ത സുരക്ഷാ സന്നാഹങ്ങള്‍ മറികടന്ന് സന്ദര്‍ശകര്‍ വരുന്ന പാര്‍ലമെന്‍റിലേക്കുള്ള കവാടം അരമണിക്കൂര്‍ നേരം ഉപരോധിച്ച കേരളത്തില്‍ നിന്നുള്ള നിയുക്ത രാജ്യസഭാ എം.പിയും മഹിളാ കോണ്‍ഗ്രസ് നേതാവുമായ ജെബി മേത്തര്‍ അടക്കമുള്ളവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയാണുണ്ടായത്.
കേരളത്തില്‍ നിന്ന് രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ജെബി മേത്തര്‍ എം.പിയായി സത്യപ്രതിജഞ ചെയ്യാന്‍ പാര്‍ലമെന്‍റില്‍ വരുന്നതിന് മുമ്പാണ് പാര്‍ലമെന്‍റ് ഉപരോധിച്ച് അറസ്റ്റിലായത്. സെക്ഷന്‍ 144 പ്രകാരം നിരോധനാജഞ പ്രഖ്യാപിച്ച മേഖലയിലാണ് പ്രതിഷേധിക്കുന്നതെന്നും പ്രവര്‍ത്തകര്‍ ഉടനെ പിരിഞ്ഞുപോകണമെന്നും പോലീസ് ഓഫീസര്‍മാര്‍ പറഞ്ഞെങ്കിലും മഹിളാ കോണ്‍ഗ്രസുകാര്‍ ഗേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധം തുടര്‍ന്നു.
അപ്രതീക്ഷിതമായി എത്തിയ നൂറോളം മഹിളാ കോണ്‍ഗ്രസുകാരെ ഡല്‍ഹി പോലീസിന് മാറ്റാനാകാതെ വന്നതോടെ ഗേറ്റ് അടച്ച് സന്ദര്‍ശകരെ വിലക്കി. വനിതാ പോലീസ് ഉദ്യോഗസ്ഥ മൈക്കിലൂടെ ആവശ്യപ്പെട്ടിട്ടും പോകാന്‍ തയാറാകാതിരുന്ന മഹിളാ കോണ്‍ഗ്രസുകാരെ നൂറോളം ധ്രുതകര്‍മസേനാംഗങ്ങളെ വിളിച്ച് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. അറസ്റ്റിലായവരെ പാര്‍ലമെന്‍റ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.