ന്യൂഡൽഹി: പാർലമെന്‍റ് ശീതകാല സമ്മേളനം ഡിസംബർ 4 മുതൽ ഡിസംബർ 22 വരെ. ഇതേതുടർന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ഡിസംബർ രണ്ടിന് രാവിലെ 11 മണിക്ക് സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. സെഷൻ ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പാണ് സർവകക്ഷിയോഗം വിളിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഡിസംബർ മൂന്നിന് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വരുന്നതിനാൽ നേരത്തെ നടത്താൻ തീരുമാനിക്കുകയായിരുന്നു. തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്‌ത്രയ്‌ക്കെതിരായ ചോദ്യത്തിന് കോഴ ആരോപണങ്ങളെക്കുറിച്ചുള്ള എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോർട്ട് ശീതകാല സമ്മേളനത്തിൽ ലോക്‌സഭയിൽ അവതരിപ്പിക്കും.
ഇന്ത്യന്‍ ശിക്ഷാ നിയമം, ക്രിമിനല്‍ നടപടി ചട്ടം, എവിഡന്‍സ് ആക്റ്റ് എന്നിവക്ക് പകരമായി ലക്ഷ്യമിടുന്ന മൂന്ന് സുപ്രധാന ബില്ലുകളും ചര്‍ച്ച ചെയ്‌തേക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെയും തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും നിയമനവുമായി ബന്ധപ്പെട്ടതാണ് മറ്റൊരു പ്രധാന ബിൽ. പ്രതിപക്ഷത്തിന്റെയും മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും പ്രതിഷേധത്തെ തുടർന്ന് പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ബിൽ പാസാക്കിയിരുന്നില്ല. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെയും തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും പദവി കാബിനറ്റ് സെക്രട്ടറിയുടെ പദവിക്കൊപ്പം കൊണ്ടുവരുന്നതാണ് ബിൽ.