തിരുവനന്തപുരം: കേന്ദ്ര യുവജനകാര്യ – കായിക മന്ത്രാലയത്തിലെ യുവജനകാര്യ വകുപ്പ് രാജ്യ വ്യാപകമായി നടത്തുന്ന നാഷണൽ യൂത്ത് പാർലമെന്റ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള പ്രസംഗ മത്സരത്തിൽ പങ്കെടുക്കാൻ യുവതീ യുവാക്കൾക്ക് അവസരം. 2024 ഫെബ്രുവരി 1ന് 18 നും 25 നും ഇടയിൽ പ്രായമുള്ള തിരുവനന്തപുരം ജില്ലക്കാരായ യുവതീ-യുവാക്കൾക്ക് ജില്ലാ തലത്തിൽ നടത്തുന്ന പ്രഥമ റൗണ്ട് മത്സരത്തിൽ പങ്കെടുക്കാം. പ്രസംഗത്തിനായി ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ഒന്ന് തിരഞ്ഞെടുക്കാം. നാല് മിനുട്ട് സമയമാണ് അനുവദിക്കുക. ജില്ലാതല മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത ലഭിക്കും.
ജില്ലാ-സംസ്ഥാനതല മത്സരങ്ങൾ ഓൺലൈനായിരിക്കും തുടർന്ന് സംസ്ഥാനതല മത്സരത്തിൽ ആദ്യത്തെ മൂന്ന് സ്ഥാനക്കാർക്ക് ഫെബ്രുവരിയിൽ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടക്കുന്ന നാഷണൽ യൂത്ത് പാർലമെൻറ് ഫെറ്റിവലിൽ പങ്കെടുക്കാനും ഒന്നാമതെത്തുന്ന വ്യക്തിക്ക് പാർലമെന്റിൽ പ്രസംഗിക്കാനും അവസരം ലഭിക്കും. മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ഫോറത്തിനും മറ്റു വിവരങ്ങൾക്കും നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർമാരുമായോ നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫിസർമാരുമായോ ബന്ധപ്പെടേണ്ടതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി – 15/2/2024. കൂടുതൽ വിവരങ്ങൾക്ക് 7558892580 എന്ന നമ്പറിൽ ബന്ധപ്പെടുക.