ആലപ്പുഴ: സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം സത്യപാലൻ പ്രസിഡന്‍റായ ഹരിപ്പാട് കുമാരപുരം സർവീസ് സഹകരണ ബാങ്കിലെ വെട്ടിപ്പിനെ കുറിച്ച് പാര്‍ട്ടിയുടെ ആഭ്യന്തര അന്വേഷണം തുടങ്ങി. സെക്രട്ടറിയേറ്റ് അംഗങ്ങളായ ജി വേണുഗോപാൽ, എച്ച് സലാം എം എല്‍ എ, കെ എച്ച് ബാബുജാൻ എന്നിവരാണ് കമ്മീഷന്‍ അംഗങ്ങള്‍. പണയ പണ്ടങ്ങളില്ലാതെ 32 പേര്‍ക്ക് ഒരു കോടിയോളം രൂപ വായപ, ജീവിപ്പിച്ചിരിപ്പില്ലാത്ത ആളുടെ പേരിലുള്ള അക്കൗണ്ടിലൂടെ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകൾ, ഒരു കോടി രൂപയുടെ മുക്കുപണ്ടം തട്ടിപ്പ് തുടങ്ങിയവ ഇതിലുള്‍പ്പെടും. സംഭവം വിവാദമായതോടെയാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സി പി എം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആഭ്യന്തര അന്വേഷണത്തിന് തീരുമാനിച്ചത്.
ഏരിയാ കമ്മിറ്റി അംഗമായ ബാങ്ക് ജീവനക്കാരന്‍ ഉള്‍പ്പെടെ തെളിവുകൾ ,സഹിതം പാര്‍ട്ടിക്ക് നല്‍കിയ പരാതികള്‍ കമ്മീഷന്‍ വിശദമായി പരിശോധിച്ചിരുന്നു. അടുത്തയാഴ്ച കമീഷന്‍ തെളിവെടുപ്പ് ആരംഭിക്കും. ആദ്യ പടിയായി ബാങ്ക് ജീവനക്കാരുടെ മൊഴിയെടുക്കും. ക്രമക്കേട് പരിഹരിക്കാൻ തട്ടിപ്പുകാർക്ക് വീണ്ടും വായ്പ അനുവദിച്ചത് ഗുരുതര വീഴ്ചയെന്നാണ് സിപിഎമ്മിൻറെ പ്രാഥമിക നിഗമനം. കുമാരപുരം സർവീസ് സഹകരണ ബാങ്കിലെ വമ്പൻ തട്ടിപ്പ് പുറത്ത് എത്തിച്ചത് സി പി എമ്മിലെ ഗ്രൂപ്പ് തർക്കങ്ങളാണ്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം സത്യപാലനാണ് കഴിഞ്ഞ 15 വർഷമായി ബാങ്കിന്റെ തലപ്പത്ത്. സ്വർണ പണയം, മറ്റു വായ്പകൾ എന്നിവയുമായി ബന്ധപ്പെട്ട് ആഭ്യന്തര ഓഡിറ്റിൽ കണ്ടെത്തിയത് വമ്പൻ ക്രമക്കേടും തട്ടിപ്പുമാണ്.